തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം മടക്കി കോടതി. ലോക്കല്‍ പൊലീസിന്റെ ക്രൈംസീന്‍ മഹസര്‍ അടക്കം ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി കുറ്റപത്രം മടക്കിയത്.

സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ രണ്ട് കേസുകളാണ് ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്തിരുന്നത്. സ്വാമിക്കെതിരെ ബലാത്സംഗത്തിനും പെണ്‍കുട്ടിക്കും സുഹൃത്ത് അയ്യപ്പദാസിനുമെതിരെ ജനനേന്ദ്രിയം മുറിച്ചതിനുമാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലാണ് ക്രൈംബ്രാഞ്ച് ഇന്നലെ കുറ്റപത്രം സമര്‍പ്പിച്ചത്. ലൈംഗിക പീഡനത്തിനിടെയാണ് പെണ്‍കുട്ടി ജനനേന്ദ്രിയം മുറിച്ചതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

തിരുവനന്തപുരം പേട്ടയില്‍ 2017 മേയ് 19ന് പുലര്‍ച്ചെയാണ് സ്വാമി ഗംഗേശാനന്ദയെ ജനനേന്ദ്രിയം മുറിച്ച നിലയില്‍ കണ്ടെത്തിയത്. പൂജക്കായി എത്തിയ വീട്ടിലെ 23കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ജനനേന്ദ്രിയം മുറിച്ചതെന്നായിരുന്നു പെണ്‍കുട്ടിയുടെ മൊഴി. പിന്നീട് ഹൈകോടതിയലടക്കം ഈ മൊഴി പെണ്‍കുട്ടിയും മാതാപിതാക്കളും തിരുത്തി.

ഗംഗേശാനന്ദ പീഡിപ്പിച്ചിട്ടില്ലന്നും സ്വാമിയുടെ മുന്‍ അനുയായിയും തന്റെ സുഹൃത്തുമായ അയ്യപ്പദാസിന്റെ പ്രേരണ പ്രകാരം താന്‍ ജനനേന്ദ്രിയം മുറിച്ചതാണെന്നുമായിരുന്നു പുതിയ മൊഴി. പരാതിക്കാരി മൊഴി തിരുത്തിയെങ്കിലും കേസിനെ ബാധിക്കില്ലെന്ന് ക്രൈംബ്രാഞ്ചിന് നിയമോപദേശം ലഭിച്ചിരുന്നു.

അതേസമയം ഗംഗേശാനന്ദയെ ആക്രമിച്ച സംഭവത്തില്‍ പെണ്‍കുട്ടിക്കും അയ്യപ്പദാസിനുമെതിരേ മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിന്റെ കുറ്റപത്രം ക്രൈം ബ്രാഞ്ച് അടുത്തയാഴ്ച സമര്‍പ്പിക്കും.