തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലില്‍ കേന്ദ്രസഹായം ലഭിച്ചില്ലെന്ന വ്യാജ പ്രമേയം നിയമസഭയില്‍ പാസാക്കി എല്‍ഡിഎഫും യുഡിഎഫും കേരളത്തിലെ ജനങ്ങളെ വഞ്ചിച്ചുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. നിയമസഭയെ ദുരുപയോഗം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ജനങ്ങളോട് മാപ്പ് പറയണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ മുടങ്ങിക്കിടക്കാന്‍ കാരണം സംസ്ഥാന സര്‍ക്കാരിന്റെ പരാജയമാണ്. എന്നാല്‍ അത് മറച്ചുവെക്കാന്‍ പിണറായി വിജയനെ സഹായിക്കുകയാണ് വിഡി സതീശന്‍ ചെയ്യുന്നത്. വയനാട്ടിലെ ജനങ്ങള്‍ക്ക് വാസ്തവം അറിയുന്നത് കൊണ്ടാണ് അവിടെ ഇന്ന് ചീഫ് സെക്രട്ടറിക്കെതിരെ പ്രതിഷേധമുണ്ടായത്. വയനാട്ടില്‍ ദുരന്തബാധിതര്‍ ഇപ്പോഴും ദുരിതത്തില്‍ തന്നെയാണ് കഴിയുന്നത്.

ചികിത്സയ്ക്കും മറ്റ് അടിസ്ഥാന പ്രശ്‌നങ്ങള്‍ക്കുമുള്ള പണം പോലും സംസ്ഥാന സര്‍ക്കാര്‍ അവര്‍ക്ക് നല്‍കുന്നില്ല. വിശദമായ മെമ്മോറാണ്ടം ഇതുവരെ സംസ്ഥാനം കേന്ദ്രത്തിന് നല്‍കിയിട്ടില്ല. കേന്ദ്രം നേരത്തെ അനുവദിച്ച സംസ്ഥാന ദുരിതാശ്വാസ നിധിയിലെ തുക ചെലവഴിക്കാതെ സ്‌പെഷ്യല്‍ പാക്കേജിന് കാത്തു നില്‍ക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ദുരിതബാധിതരെ വഞ്ചിക്കുകയാണെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാണിച്ചു.

മറ്റ് സംസ്ഥാനങ്ങള്‍ക്ക് മെമ്മോറാണ്ടം സമര്‍പ്പിക്കും മുമ്പ് പാക്കേജ് അനുവദിച്ചുവെന്ന് പറഞ്ഞ് ഇന്‍ഡി സഖ്യകക്ഷികള്‍ നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു. ആന്ധ്രപ്രദേശിനും ഒഡീഷയ്ക്കും സംസ്ഥാന ദുരിതാശ്വാസ ഫണ്ടിലേക്കാണ് കേന്ദ്രം പണം നല്‍കിയത്. കേരളത്തിന് ഇത് നേരത്തെ തന്നെ നല്‍കിയിരുന്നു. ഇതെല്ലാം മറച്ച് വെച്ച് രാഷ്ട്രീയപ്രേരിതമായി വ്യാജ പ്രചരണം നടത്തുന്നവരുടെ ഉദ്ദേശശുദ്ധി ജനം തിരിച്ചറിയുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.