ആലപ്പുഴ: മാന്നാറില്‍ കലയെ ഭര്‍ത്താവ് കൊലപ്പെടുത്തിയത് അവിഹിത ബന്ധത്തിന്റെ പേരിലാണെന്ന് പോലീസ് റിപ്പോര്‍ട്ടു ശരിവെച്ചു ആണ്‍സുഹൃത്തിന്റെ മൊഴി. കലയുമായി അടുപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്ത് ഇക്കാര്യം പോലീസില്‍ മൊഴി നല്‍കി. കലയുമായി തനിക്ക് ബന്ധം ഉണ്ടായിരുന്നുവെന്നും അവസാനമായി കണ്ടത് എറണാകുളത്തു വെച്ചാണെന്നുമാണ് ഇയാള്‍ മൊഴി നല്‍കിയിരിക്കുന്നത്.

കലയുമായുള്ള ബന്ധം അവസാനിപ്പിച്ചിരുന്നു. കലയുടെ ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും ഭീഷണി നേരിട്ടിരുന്നുവെന്നും സുഹൃത്ത് മൊഴി നല്‍കി. 'മാന്നാറിലെ വീട്ടില്‍ നിന്ന് പോയ ശേഷം കല ജോലി ചെയ്തത് എറണാകുളത്തെ വസ്ത്രശാലയിലായിരുന്നു. ഒരു തവണ മാത്രമാണ് എറണാകുളത്തെ ജോലി സ്ഥലത്ത് എത്തി കലയെ കണ്ടത്. പിന്നീട് കണ്ടിട്ടില്ല.താന്‍ പിന്നീട് വിദേശത്തായിരുന്നു'. തുടങ്ങിയ വിവരങ്ങളാണ് സുഹൃത്ത് പൊലീസിന് നല്‍കിയതെന്നാണ് വിവരം.

ഇയാളുമായുള്ള ബന്ധത്തിന്റെ പേരിലാണ് അനിലും കലയും തമ്മില്‍ അകന്നതെന്നാണു പൊലീസിന്റെ നിഗമനം. കല മറ്റൊരാളോടൊപ്പം പാലക്കാട്ടേക്കു പോയെന്ന് അവരെ കാണാതായ ശേഷം നാട്ടില്‍ പ്രചാരണമുണ്ടായി. അതിനു പിന്നില്‍ ആരാണെന്നും വ്യക്തമല്ല. ഈ പ്രചാരണം കലയുടെ ബന്ധുക്കള്‍ ഉള്‍പ്പെടെ വിശ്വസിക്കുകയും ചെയ്തു.

ഒന്നാം പ്രതി അനിലിന്റെ പിതാവ് തങ്കച്ചന്‍, മാതാവ് മണിയമ്മ, അനിലിന്റെ ഇപ്പോഴത്തെ ഭാര്യ ശുഭ എന്നിവരെയും മാന്നാര്‍ പൊലീസ് ഒരു മണിക്കൂറോളം ചോദ്യം ചെയ്തു. അനിലിന്റെ വീട്ടിലെ അടച്ചിട്ട മുറിയിലായിരുന്നു പൊലീസ് വിവരങ്ങള്‍ തേടിയത്. പഞ്ചായത്തംഗം പുഷ്പ ശശികുമാറില്‍നിന്നും വിവരങ്ങള്‍ ശേഖരിച്ചു. തന്റെ വാര്‍ഡിലാണ് സംഭവം നടന്നതെന്നും പ്രതികളെ അറിയാമെന്നും കൊലപാതക വിവരം ഇപ്പോഴാണ് അറിയുന്നതെന്നും പഞ്ചായത്തംഗം പൊലീസിനെ അറിയിച്ചു.

ആലപ്പുഴയില്‍നിന്നുള്ള ഫൊറന്‍സിക് ഉദ്യോഗസ്ഥര്‍ ഇന്നലെയും പരിശോധന നടത്തി. അനിലിന്റെ വീട്ടിലെ സെപ്റ്റിക് ടാങ്ക് പരിസരത്തായിരുന്നു പരിശോധന. കലയെ കൊലപ്പെടുത്തി മൃതദേഹം ടാങ്കിലിട്ടെന്ന പ്രതികളുടെ മൊഴിയനുസരിച്ചു കഴിഞ്ഞ ദിവസം ടാങ്ക് തുറന്നു പരിശോധിച്ചിരുന്നു. ഇവിടെനിന്നു തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നു ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണ്‍ പറഞ്ഞിരുന്നു.

അതേസമയം, അറസ്റ്റ് ചെയ്ത മൂന്ന് പ്രതികളെ അന്വേഷണസംഘം വിശദമായി ചോദ്യം ചെയ്യും. തെളിവെടുപ്പും ഇന്ന് നടന്നേക്കും. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി അന്വേഷണസംഘം വിപുലീകരിച്ചു. കേസിലെ ഒന്നാം പ്രതിയും കലയുടെ ഭര്‍ത്താവുമായ അനില്‍ ഇസ്രായേലില്‍ ആശുപത്രിയിലാണെന്നാണ് സൂചന. രക്തസമ്മര്‍ദം കൂടിയെന്നും മൂക്കില്‍ നിന്ന് രക്തം വന്നെന്നുമാണ് വിവരം. ചികിത്സ തേടിയ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വിവരം കുടുംബത്തെ അറിയിച്ചതാണ് വിവരം.

അനില്‍ സ്വയം നാട്ടിലെത്തിയില്ലെങ്കില്‍, നാട്ടിലെത്തിക്കാന്‍ ഒട്ടേറെ കടമ്പകളുണ്ട്. അനില്‍കുമാറിനെ ഇസ്രായേലില്‍ നിന്ന് നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പൊലീസ് വേഗത്തിലാക്കിയിട്ടുണ്ട്. ഇപ്പോള്‍ കസ്റ്റഡിയിലുള്ള പ്രതികളുടെ ആറ് ദിവസത്തെ കസ്റ്റഡി കാലാവധി കഴിയും മുമ്പ് നാട്ടിലെത്തിക്കാനാണ് പൊലീസ് നീക്കം.

കലയുടെ മൃതദേഹം കുഴിച്ചു മൂടിയത് എവിടെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. നിലവില്‍ സെപ്റ്റിക് ടാങ്കില്‍ നിന്ന് കണ്ടെത്തിയ വസ്തുക്കളുടെ രാസപരിശോധന ഫലം ലഭിച്ചെങ്കില്‍ മാത്രമേ കലയുടെ മൃതദേഹം ഇവിടെയാണ് കുഴിച്ചു മൂടിയതെന്ന് സ്ഥിരീകരിക്കാനാകൂ. ജിനു, സോമന്‍, പ്രമോദ് എന്നീ പ്രതികളാണ് ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലുള്ളത്.

കൊലപാതകത്തില്‍ മൂന്ന് പേര്‍ക്കും പങ്കുണ്ടെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട് പറയുന്നു. മൂന്ന് പ്രതികളും കുറ്റം സമ്മതിച്ചു. കൊല നടത്തിയ സ്ഥലം കാണിച്ചുതരാമെന്ന് രണ്ടാം പ്രതി പൊലീസിനോട് പറഞ്ഞു. വലിയ പെരുമ്പുഴ പാലത്തില്‍ കാറിനകത്തു വച്ചാണ് യുവതിയെ കൊലപ്പെടുത്തിയത്. മുഖ്യസാക്ഷിയായ സുരേഷ്‌കുമാറാണ് പരാതിക്കാരനെന്നും ഇയാളാണ് കൊലപാതക വിവരം പൊലീസിനെ അറിയിച്ചതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.