തേനി: ക്രിപ്റ്റോ കറന്‍സിയായ യു.എസ്.ഡി.ടിയിലേക്ക് നാമമാത്ര വിലയ്ക്ക് പണം മാറ്റാമെന്ന് വിശ്വസിപ്പിച്ച് സ്വകാര്യ കമ്പനിയില്‍ നിന്ന് 10 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ആറുപേരെ സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തു.

മധുര സ്വദേശികളായ വി അഭിരാജ (29), എ ലോഗനാഥന്‍ (23), ഇ കുമരേശന്‍ (28), എസ് മഗേഷ്‌കുമാര്‍ (25), കരൂര്‍ ജില്ലയിലെ എസ് അശ്വന്ത് (23), മുഹമ്മദ് ഇസ്മയില്‍ പര്‍വേഷ് (21) എന്നിവരാണ് അറസ്റ്റിലായത്.

പണം യു.എസ്.ഡി.ടിയായി ദുബായിലെ തങ്ങളുടെ സ്ഥാനത്തില്‍ നിക്ഷേപിക്കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.എന്നാല്‍, പണം നല്കി മാസങ്ങള്‍ കഴിഞ്ഞിട്ടും നിക്ഷേപത്തിന്റെ രേഖകള്‍ സംഘം നല്‍കിയില്ല.തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

അറസ്റ്റിലായ പ്രതികളില്‍ നിന്ന് 10.9 ലക്ഷം രൂപ, ഒരു എസ്യുവി കാര്‍,എട്ട് മൊബൈല്‍ ഫോണുകള്‍, മൂന്ന് ഐപാഡുകള്‍, 33 സിം കാര്‍ഡുകള്‍, 20 എടിഎം കാര്‍ഡുകള്‍, നാല് ബാങ്ക് പാസ്ബുക്കുകള്‍ എന്നിവ പിടിച്ചെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.