തിരുവനന്തപുരം: ശമ്പളം മുടങ്ങിയതോടെ സംസ്ഥാനത്ത് 108 ആംബുലന്‍സ് ജീവനക്കാര്‍ പ്രതിസന്ധിയിൽ. ഈ മാസം കൂടി ആകുന്നതോടെ രണ്ടു മാസത്തെ ശമ്പളം കുടിശികയാകുമെന്നാണ് ജീവനക്കാര്‍ പറയുന്നത്. ഹൈദരാബാദിൽ നിന്നുള്ള ഇ.എം.ആർ.ഐ ഗ്രീൻ ഹെൽത്ത് സർവീസസ് എന്ന കമ്പനിയാണ് ജീവനക്കാർക്ക് കോൺട്രാക്ട് നൽകിയിരിക്കുന്നത്. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് ശമ്പളം മുടങ്ങാന്‍ കാരണമെന്നാണ് കരാറിലുള്ള കമ്പനിയുടെ വിശദീകരണം. ശമ്പളം കിട്ടാതെ മൂന്നാം മാസത്തിലേയ്ക്കു കൂടി കടന്നാല്‍ പണിമുടക്കാനാണ് ജീവനക്കാരുടെ തീരുമാനം.

എന്നാൽ ഈ വിഷയത്തിൽ സി ഐ ടി യു മൗനം പാലിക്കുന്നതായാണ് ജീവനക്കാർ പറയുന്നത്. ഒരു ദിവസംപോലും സര്‍വ്വീസ് മുടങ്ങരുതെന്നാണ് ജീവനക്കാർ ആഗ്രഹിക്കുന്നത്. പണിമുടക്കിയാൽ ഉണ്ടാകാവുന്ന പ്രത്യാഘാതം പിന്നീട് പരിഹരിക്കാനാകില്ലെന്നും ജീവനക്കാര്‍ക്ക് ബോധ്യവുമുണ്ട്. എന്നാൽ മുടങ്ങിയ ശമ്പളം ലഭിക്കാൻ സമരമല്ലാതെ മറ്റ് മാർഗങ്ങൾ ഇല്ലെന്നാണ് ജീവനക്കാർ പറയുന്നത്. പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള ഹൈദരാബാദ് ആസ്ഥാനമായ സ്വകാര്യ സ്ഥാപനമായ ഇ.എം.ആർ.ഐ ഗ്രീൻ ഹെൽത്ത് സർവീസസാണ് ജീവനക്കാർക്ക് ശമ്പളം നൽകുന്നത്.

കോടികൾ സർക്കാരിൽ നിന്ന് കുടിശ്ശികയുണ്ടെന്ന് കാട്ടിയാണ് ജീവനക്കാരുടെ ശമ്പളം തടഞ്ഞു വച്ചിരിക്കുന്നതെന്ന് ജീവനക്കാർ ആരോപിക്കുന്നു. ജീവനക്കാരുടെ ശമ്പളം വൈകിപ്പിച്ച് അവരെ സർക്കാരിനെതിരെ തിരിക്കുന്ന നിലപാടാണ് സ്വകാര്യ കമ്പനി സ്വീകരിക്കുന്നതെന്നും ആക്ഷേപമുണ്ട്. കമ്പനിയുമായുള്ള മുൻധാരണ പ്രകാരം എല്ലാ മാസവും ഏഴാം തീയതിക്ക് മുൻപ് ശമ്പളം നൽകുമെന്നാണ് തീരുമാനമെന്നും ഇത് പലപ്പോഴും കമ്പനി പാലിക്കുന്നില്ല എന്നും ജീവനക്കാർ പറയുന്നു. 5 വർഷത്തെ കോൺട്രാക്ട് അടിസ്ഥാനത്തിലാണ് ആംബുലൻസ് ജീവനക്കാരെ നിയമിച്ചിരുന്നത്.

5 വർഷത്തെ കോൺട്രാക്ടിന് ശേഷം 5.5 ശതമാനം ശമ്പള വർദ്ധനവ് നൽകേണ്ടതാണ്. എന്നാൽ ഇതും തടഞ്ഞ് വെച്ചിരിക്കുകയാണെന്നാണ് ജീവനക്കാർ പറയുന്നത്. ആംബുലൻസ് ജീവനക്കാർക്ക് ശമ്പളം മുടങ്ങുന്നത് ഒരു പതിവ് രീതിയായി മാറിയിരിക്കുകയാണ്. രണ്ടോ മൂന്നോ മാസങ്ങൾ അടുപ്പിച്ച് ശമ്പളം മുടങ്ങുന്നത് ജീവനക്കാരെ വലിയ പ്രതിസന്ധിയിലാക്കുന്നു. മുടങ്ങിയ ശമ്പളം ലഭിക്കുന്നതിനായി സമരം നടത്തുകയല്ലാതെ മറ്റ് മാർഗ്ഗങ്ങൾ ഇല്ലെന്നാണ് ജീവനക്കാർ പറയുന്നത്. സമരം ഒത്തുതീർപ്പായി ജോലിക്ക് കയറിയാലും ലഭിക്കാനുള്ള തുക മുഴുവനായും ജീവനക്കാർക്ക് ലഭിക്കാറില്ലെന്നാണ് സൂചന.

ജീവനക്കാർ സമരത്തിലേക്ക് കടന്നാൽ ആംബുലൻസ് സേവനങ്ങളെയും പൊതുജനങ്ങളെയും കാര്യമായി ബാധിക്കുന്നതാണ്. സംസ്ഥാനത്ത് ആയിരക്കണക്കിനു സ്വകാര്യ ആംബുലന്‍സുകളുണ്ട്, അവ പ്രധാനമായും മൃതദേഹങ്ങള്‍ വഹിക്കുക, കിടപ്പിലായ രോഗികളെ വീട്ടിലേക്കോ ആശുപത്രിയിലേക്കോ ലബോറട്ടറികളിലേക്കോ കൊണ്ടുപോകുന്നതുപോലുള്ള ആവശ്യങ്ങള്‍ക്കാണ് ഉപയോഗപ്പെടുന്നത്. സ്വകാര്യ ആംബുലന്‍സുകളും അമിതനിരക്ക് ഈടാക്കുന്നതിനെക്കുറിച്ചുള്ള പരാതികള്‍ നിലനില്‍ക്കുമ്പോഴാണ് 108 പൂര്‍ണ്ണമായും സൗജന്യസേവനം നല്‍കുന്നത്.