- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
12 വര്‍ഷത്തിനിടെ അവയവത്തിനായി കാത്തിരുന്ന് മരിച്ചത് 1870 പേര്‍; സംസ്ഥാനത്ത് മരണാനന്തര അവയവ ദാനത്തിന് തയ്യാറാവുന്നവര്‍ കുറയുന്നു: മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്നതില്‍ പിന്നോക്കം പോയി ഡോക്ടര്‍മാരും
12 വര്‍ഷത്തിനിടെ അവയവത്തിനായി കാത്തിരുന്ന് മരിച്ചത് 1870 പേര്‍
തൃശ്ശൂര്‍: മാറ്റിവെക്കാന്‍ അവയവത്തിനായി കാത്തിരുന്ന് സംസ്ഥാനത്ത് 12 വര്‍ഷത്തിനിടെ മരിച്ചത് 1870 പേര്‍. ഇക്കാലത്ത് മസ്തിഷ്‌ക മരണം സംഭവിച്ചവരില്‍ 377 പേരുടെ അവയവങ്ങള്‍ മാത്രമാണ് ദാനം ചെയ്തിട്ടുള്ളത്. സംസ്ഥാനത്ത് മരണാനന്തര അവയവ ദാനത്തിന് സന്നദ്ധരാകുന്നവരുടെ എണ്ണം കുറയുകയാണ്. മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്നതില്‍ ഡോക്ടര്‍മാരും പിന്നോക്കം പോവുകയാണ്.
2,435 പേരാണ് കേരളത്തില്‍ അവയവങ്ങള്‍ കിട്ടാന്‍ കെസോട്ടോയില്‍ രജിസ്റ്റര്‍ ചെയ്തു കാത്തിരിക്കുന്നത്. ഇതില്‍ 1978 പേരും വൃക്ക ആവശ്യമുള്ളവരാണ്. എന്നാല്‍ അവയവ ദാനത്തിന് സന്നദ്ധരാകുന്നവര്‍ വളരെ കുറവാണ്. അവയവദാന മേല്‍നോട്ട ചുമതലയുള്ള കെസോട്ടോ (കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യൂ ട്രാന്‍സ്പ്‌ളാന്റ് ഓര്‍ഗനൈസേഷന്‍) കണക്കനുസരിച്ച് നിലവില്‍ സംസ്ഥാനത്ത് മരണാനന്തര അവയവദാനത്തിന് സന്നദ്ധരായവരുടെ എണ്ണം 2,897 ആണ്. ദേശീയതലത്തില്‍ 14-ാം സ്ഥാനത്താണ് കേരളം. സന്നദ്ധതയറിയിച്ചവരില്‍ രാജസ്ഥാനാണ് ഏറ്റവും മുന്‍പില്‍ -40,348 പേര്‍. 30,816 പേരുള്ള മഹാരാഷ്ട്ര രണ്ടാംസ്ഥാനത്തും 24,536 പേരുള്ള കര്‍ണാടക മൂന്നാമതുമാണ്.
മരണത്തിന് മുമ്പേ സന്നദ്ധത അറിയിച്ചവരെക്കൂടാതെ മസ്തിഷ്‌കമരണം ഉണ്ടായശേഷം ബന്ധുക്കളുടെ സമ്മതത്തോടെ അവയവം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടക്കുന്നതുകൊണ്ടാണ് എണ്ണം ഇത്രയെങ്കിലുമായത്. മസ്തിഷ്‌കമരണത്തെത്തുടര്‍ന്ന് അവയവദാനം ചെയ്തവരുടെ എണ്ണം സംസ്ഥാനത്ത് ഈ വര്‍ഷം വീണ്ടും കുറഞ്ഞു. നവംബര്‍ 18 വരെയുള്ള കണക്കനുസരിച്ച് മസ്തിഷ്‌ക മരണാനന്തരം 10 പേരുടെ അവയവം മാത്രമാണ് ദാനംചെയ്തിട്ടുള്ളത്. കഴിഞ്ഞവര്‍ഷം 19 ആയിരുന്നു.
വാഹനാപകടങ്ങള്‍ കൂടുതലുള്ള കേരളത്തില്‍ മസ്തിഷ്‌കമരണവും കൂടുതലായിരിക്കും എന്നാണ് വിലയിരുത്തല്‍. ഇക്കാര്യത്തില്‍ കൃത്യമായ കണക്ക് ലഭ്യമല്ല. എന്നാല്‍ മസ്തിഷ്‌ക മരണം സ്ഥരീകരിക്കുന്നതില്‍ നിന്നും ഡോക്ടര്‍മാരും പിന്നോട്ട് പോവുകയാണ്. അവയവദാനം സംബന്ധിച്ചുണ്ടായ വിവാദങ്ങളും നിയമപ്രശ്‌നങ്ങളും ദാതാക്കളുടെ എണ്ണം കുറയുന്നതിനു കാരണമായെന്നു സംശയിക്കുന്നു. മസ്തിഷ്‌കമരണം സ്ഥിരീകരിക്കുന്നതിനു പ്രത്യേക പാനലും പ്രോട്ടക്കോളും തയ്യാറാക്കിയിട്ടുണ്ടെങ്കിലും വേണ്ടത്ര ഫലപ്രദമായില്ല.