തിരുവനന്തപുരം: വഞ്ചിയൂരിൽ സിവിൽ സർവീസ് കോച്ചിങ് സെന്ററിന് നേരെ ആക്രമണം നടത്തിയ സംഭവത്തിൽ അറസ്റിലായത് ബാർ ജീവനക്കാരൻ. അതിയന്നൂർ സ്വദേശി എ.എസ്. ശ്രീരാഗി(28)നെയാണ് വഞ്ചിയൂർ പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയായിരുന്നു സംഭവം.

മദ്യലഹരിയിലായിരുന്ന ശ്രീരാഗ് ഒരു ബാറിൽ നിന്ന് പുറത്തിറങ്ങിയതിന് ശേഷം കോച്ചിങ് സെന്ററിലെ വിദ്യാർഥികളുമായി വാക്കുതർക്കത്തിലേർപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ ഇയാൾ കോച്ചിങ് സെന്ററിലേക്ക് അതിക്രമിച്ചു കയറി ആക്രമണം നടത്തുകയായിരുന്നു. ഷർട്ട് ധരിക്കാതെ എത്തിയ പ്രതി, സ്ഥാപനത്തിന്റെ ജനാലകളും ഗ്ലാസ് ഡോറുകളും അടിച്ചുതകർത്തു.

കോച്ചിങ് സെന്റർ മാനേജർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ശ്രീരാഗിനെ അറസ്റ്റ് ചെയ്തത്. അതേസമയം, കോച്ചിങ് സെന്ററിലെ വിദ്യാർഥികൾ തന്നെ മർദിച്ചെന്നാണ് അറസ്റ്റിലായ ശ്രീരാഗ് പോലീസിന് നൽകിയ മൊഴി. ഇവരെ തിരഞ്ഞാണ് താൻ സെന്ററിലേക്ക് വന്നതെന്നും ഇയാൾ പോലീസിനോട് വെളിപ്പെടുത്തി. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.