- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രഹസ്യ വിവരത്തെ തുടർന്നായിരുന്നു എക്‌സൈസ് പരിശോധന; രണ്ടിടങ്ങളിലായി നിന്ന് പിടിച്ചെടുത്തത് 35.8 കിലോഗ്രാം കഞ്ചാവ്; 3 ബംഗാൾ സ്വദേശികൾ പിടിയിൽ; സംഭവം മലപ്പുറത്ത്
മലപ്പുറം: മലപ്പുറത്ത് വൻ കഞ്ചാവ് വേട്ട. രഹസ്യ വിവരത്തെ തുടർന്നായിരുന്നു എക്‌സൈസ് സംഘത്തിന്റെ പരിശോധന. രണ്ടിടങ്ങളിലായി നടത്തിയ പരിശോധനയിൽ 35.8 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്. ബംഗാൾ വസാന്തി സ്വദേശികളായ അനു സിങ് (40), മിലാൻ സിങ് (28), സാബൂജ് സിക്തർ (24) എന്നിവരാണ് പിടിയിലായത്. എക്‌സൈസ് ഇന്‍റലിജൻസ് ഉത്തര മേഖല സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
ബുധനാഴ്ച ഉച്ചക്ക് നിലമ്പൂർ കനോലി പ്ലോട്ടിന് സമീപത്താണ് മിലാൻ സിങ്ങും അനു സിങ്ങും ആദ്യം പിടിയിലായത്. 15.8 കിലോ കഞ്ചാവാണ് ഇവരിൽ നിന്ന് പിടികൂടിയത്. തുടർന്ന് എക്‌സൈസ് നടത്തിയ ചോദ്യം ചെയ്യലിൽ സംഘത്തിലുള്ള മറ്റൊരാളുടെ വിവരം കൂടി ലഭിക്കുകയായിരുന്നു.
ഇവരുടെ മൊഴി പ്രകാരം രാത്രി മഞ്ചേരിയിലെ വാടക ക്വാർട്ടേഴ്‌സിൽ നടത്തിയ പരിശോധനയിലാണ് സജ് സിക്തർ പിടിയിലാകുന്നത്. ഇവിടെ നിന്നും 20 കിലോ കഞ്ചാവാണ് എക്‌സൈസ് പിടിച്ചെടുത്തത്. മലപ്പുറം എക്‌സൈസ് ഇൻറലിജൻസ് ഇൻസ്‌പെക്ടർ ടി സിജു മോൻ, നിലമ്പൂർ എക്‌സൈസ് റെയ്ഞ്ച് ഇൻസ്‌പെക്ടർ ടി എച്ച് ഷഫീഖ്, അസിസ്റ്റന്‍റ് ഇൻസ്‌പെക്ടർ റെജി തോമസ്, പ്രിവന്‍റീവ് ഓഫീസർമാരായ വി സുഭാഷ്, പി എസ് ദിനേഷ്, സിവിൽ എക്‌സൈസ് ഓഫിസർമാരായ കെ ആബിദ്, ഷംനാസ്, എബിൻ സണ്ണി, എയ്ഞ്ചലിൻ ചാക്കോ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. നിലമ്പൂർ മേഖലയിലെ മൊത്ത കച്ചവടത്തിലെ വലിയ കണ്ണികളാണിവരെന്നാണ് സൂചന. മലപ്പുറം എക്‌സൈസ് കമ്മീഷണർ തുടരന്വേഷണം നടത്തും.