- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗുരുവായൂരില്‍ കല്ല്യാണ മാമാങ്കം; ഞായറാഴ്ച നടക്കാനിരിക്കുന്നത് 350ലേറെ കല്ല്യാണങ്ങള്‍: രാവിലെ എട്ടിനും 11-നുമിടയില്‍ 220 കല്യാണങ്ങള്‍
ഗുരുവായൂരില്‍ കല്ല്യാണ മാമാങ്കം; ഞായറാഴ്ച നടക്കാനിരിക്കുന്നത് 350ലേറെ കല്ല്യാണങ്ങള്‍
ഗുരുവായൂര്‍: ഗുരുവായൂരില്‍ ഞായറാഴ്ച കല്ല്യാണ മാമാങ്കം. ഇങ്ങനെയൊരു ദിവസം ഇതുവരെ ഉണ്ടായിട്ടില്ല.നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നുമുള്ള കല്യാണക്കാര്‍ കണ്ണന്റെ സന്നിധിയിലേക്ക് കൂട്ടത്തോടെ എത്തുകയാണ്. 350-ലേറെ കല്ല്യാണങ്ങള്‍ നടക്കുമെന്ന് ഉറപ്പായി. നിലവിലുള്ള കല്യാണറെക്കോര്‍ഡ് 277 ആണ്, 2017 ഓഗസ്റ്റ് 26-നാണ് ഗുരുവായൂരില്‍ ഈ റെക്കോര്ഡ് പിറന്നത്. 2016 സെപ്റ്റംബര്‍ നാലിന് 264 കല്യാണങ്ങളും നടന്നിട്ടുണ്ട്.
കല്യാണങ്ങളുടെ മംഗളമാസമായ ചിങ്ങത്തിലെ ഏറ്റവും കൂടുതല്‍ മുഹൂര്‍ത്തമുള്ള ദിനമാണ് ഞായറാഴ്ച. ഈ ദിവസം കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളനിരവധി വധൂവരന്മാര്‍ കല്ല്യാണത്തിനായി ഗുരുവായൂര്‍ സന്നിധി തിരഞ്ഞെടുക്കുക ആയിരുന്നു. എല്ലാ കല്യാണങ്ങളും സുഗമമായി നടത്തിക്കൊടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഗുരുവായൂര്‍ ദേവസ്വം. ആറ് കല്യാണമണ്ഡപങ്ങള്‍ ഒരുക്കിയേക്കും. നിലവില്‍ നാലെണ്ണമാണുള്ളത്. വെള്ളിയാഴ്ച ദേവസ്വം ഭരണസമിതി ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.
രാവിലെ അഞ്ചു മുതലാണ് വിവാഹങ്ങളുടെ സമയം. എണ്ണം കൂടുതലുള്ളതിനാല്‍ കുറച്ചുകൂടി നേരത്തേ ആരംഭിക്കാമോയെന്ന ആലോചനയുണ്ട്. തന്ത്രിയുടെ അനുമതിയോടെയായിരിക്കും തീരുമാനം. രാവിലെ എട്ടിനും 11-നുമിടയില്‍ 220 കല്യാണങ്ങളുണ്ട്. ഒരു മിനിറ്റ് ഇടവേളയില്ലാതെ ഈ സമയങ്ങളില്‍ താലികെട്ട് നടക്കും. നിവേദ്യത്തിനായി 11.30 മുതല്‍ 12.30 വരെ ക്ഷേത്രനട അടയ്ക്കുന്നതിനാല്‍ ആ സമയങ്ങളില്‍ വിവാഹം ഉണ്ടാകില്ല.
ക്ഷേത്രത്തിനു തെക്ക് പട്ടര്‍കുളത്തിനടുത്ത് പ്രത്യേകമായി പന്തല്‍ ഒരുക്കിയിട്ടുണ്ട്. അവിടെയാണ് വധൂവരന്‍മാരും ബന്ധുക്കളും വരേണ്ടത്. ടോക്കണ്‍ അനുവദിക്കുന്നതിന്റെ ക്രമത്തില്‍ വധൂവരന്‍മാരെയും അടുത്ത ബന്ധുക്കളും ഫോട്ടോഗ്രാഫര്‍മാരുമുള്‍പ്പെടെ 20 പേരെയും കല്യാണമണ്ഡപത്തിലേക്ക് പ്രവേശിപ്പിക്കും. നിലവിലുള്ളതുപോലെ മേല്‍പ്പുത്തൂര്‍ ഓഡിറ്റോറിയത്തിനുള്ളിലൂടെയാണ് മണ്ഡപത്തിലേയ്ക്കുള്ള വഴി. ഇവര്‍ക്കൊപ്പമുള്ള മറ്റ് ബന്ധുക്കള്‍ക്ക് കിഴക്കേനട വഴി നടപ്പന്തലിലേക്ക് പ്രവേശിക്കാം. നടപ്പുരയില്‍ കല്യാണക്കാരെ മാത്രമേ അനുവദിക്കൂ. ദീപസ്തംഭത്തിനു മുന്നില്‍ തൊഴാനുള്ളവരെ ക്യൂപ്പന്തലിന്റെ ആദ്യവരിയിലൂടെ പ്രവേശിപ്പിക്കുമെന്നാണ് അറിയുന്നത്.
ക്ഷേത്രത്തില്‍ ദര്‍ശനത്തിനുള്ളവര്‍ക്കുള്ള വരി വടക്കേ നടയിലേക്കു മാറ്റും. ക്ഷേത്രക്കുളത്തിനു മുന്നിലുള്ള നടപ്പന്തലില്‍നിന്ന് വരി ആരംഭിച്ച്, പ്രധാന വരിപ്പന്തലിലേക്ക് ബന്ധിപ്പിക്കും. പ്രസാദ ഊട്ടിനുള്ള വരി വടക്കേനടയില്‍ നാരായണാലയത്തിനു മുന്നിലെ പന്തലിലേക്കു മാറ്റും. ഇന്നര്‍റിങ് റോഡില്‍ വാഹനങ്ങള്‍ നിര്‍ത്താന്‍ അനുവദിക്കില്ല.കൂടുതല്‍ പാര്‍ക്കിങ് കേന്ദ്രങ്ങള്‍ ഒരുക്കണമെന്ന് ദേവസ്വത്തോടും നഗരസഭയോടും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഗുരുവായൂര്‍ ശ്രീകൃഷ്ണ സ്‌കൂളിന്റെ ഗ്രൗണ്ട് പാര്‍ക്കിങ്ങിനായി തുറന്നുകൊടുത്തേക്കും.
വിവാഹം ശീട്ടാക്കലും രജിസ്ട്രേഷനും
ക്ഷേത്രത്തില്‍ ഓണ്‍ലൈനായും നേരിട്ടു വന്നും വിവാഹം ശീട്ടാക്കാം. താലികെട്ടിന് 500 രൂപയും ഫോട്ടോഗ്രഫിക്ക് 500 രൂപയുമാണ്. ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുന്നവരാണെങ്കില്‍, താലികെട്ടിനുള്ള സമയം തിരഞ്ഞെടുക്കാം. നേരിട്ട് ശീട്ടാക്കുന്നവര്‍ക്ക് സമയം കൗണ്ടറില്‍നിന്ന് അറിയിക്കും. ഉദ്ദേശിക്കുന്ന സമയം അറിയിച്ചാല്‍ അനുവദിക്കുകയും ചെയ്യും. വരന്റെയും വധുവിന്റെയും പേര്, നക്ഷത്രം, ആധാര്‍ കാര്‍ഡിന്റെ കോപ്പി എന്നിവയാണ് ശീട്ടാക്കാന്‍ വേണ്ടത്. വിവാഹത്തിന്റെ അന്നും തത്സമയ രജിസ്ട്രേഷനായി ശീട്ടാക്കാവുന്നതാണ്. ഉദ്ദേശിച്ച സമയം കിട്ടില്ലെന്നു മാത്രം.
താലികെട്ട് കഴിഞ്ഞാല്‍ വിവാഹ രജിസ്ട്രേഷന്‍ കെ- സ്മാര്‍ട്ട് വഴിയാണ് ചെയ്യേണ്ടത്. ഇതിനായി നഗരസഭാ ഓഫീസില്‍ സൗകര്യമുണ്ട്. നഗരസഭയുടെ രജിസ്ട്രേഷന്‍ വിഭാഗത്തില്‍ കുടുംബശ്രീയുടെ ഓണ്‍ലൈന്‍ കേന്ദ്രം വഴി രജിസ്ട്രേഷന് അപേക്ഷിക്കാം. നവദമ്പതിമാരുടെ ഫോട്ടോ, വിലാസവും വയസ്സും സൂചിപ്പിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ഏതെങ്കിലും ജനപ്രതിനിധികളുടെ സാക്ഷ്യപത്രം എന്നിവയാണ് വേണ്ടത്. നഗരസഭയില്‍ വരാതെ മറ്റെവിടെനിന്നും ഓണ്‍ലൈനായി രജിസ്ട്രേഷന് അപേക്ഷ നല്‍കാവുന്നതാണ്. പിന്നീട് സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്തെടുക്കാം. 100 രൂപയാണ് രജിസ്ട്രേഷന്.