കോഴിക്കോട്: ഓണവിപണി ലക്ഷ്യമിട്ട് മാഹിയിൽ നിന്ന് അനധികൃതമായി കടത്താൻ ശ്രമിച്ച 39 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി ഓട്ടോ ഡ്രൈവർ എക്സൈസിൻ്റെ പിടിയിൽ. നാദാപുരം വളയം സ്വദേശി തട്ടിൻ്റെപൊയിൽ ശ്രീനാഥ് (35) ആണ് അറസ്റ്റിലായത്. ഇയാൾ മദ്യം കടത്താൻ ഉപയോഗിച്ച കെഎൽ 18 ക്യൂ 6490 എന്ന നമ്പറിലുള്ള ഓട്ടോറിക്ഷയും എക്സൈസ് കസ്റ്റഡിയിലെടുത്തു.

ചൊക്ലിയിൽ ഇന്ന് രാവിലെ നടത്തിയ വാഹന പരിശോധനയിലാണ് ശ്രീനാഥ് വലയിലായത്. ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി എക്സൈസ് സംഘം മാഹി, പള്ളൂർ അതിർത്തി പ്രദേശങ്ങളിൽ പരിശോധന കർശനമാക്കിയിരുന്നു. ഇതിനിടെ സംശയാസ്പദമായ സാഹചര്യത്തിൽ വന്ന 'അല്ലൂസ്' എന്ന് പേരെഴുതിയ ഓട്ടോറിക്ഷ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് മദ്യം കണ്ടെത്തിയത്.

നാദാപുരം, പാറക്കടവ്, വളയം തുടങ്ങിയ മേഖലകളിൽ ശ്രീനാഥ് സ്ഥിരമായി അനധികൃത മദ്യം വിറ്റിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഇയാളുടെ നീക്കങ്ങൾ എക്സൈസ് നിരീക്ഷിച്ചു വരികയായിരുന്നു. അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർമാരായ പി. പ്രമോദ്, യു. ഷാജി, സുകേഷ് കുമാർ, പ്രിവൻ്റീവ് ഓഫീസർമാരായ പി. ഷാജി, വി.എൻ. സതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഓണക്കാലത്ത് അനധികൃത മദ്യക്കടത്തും വിതരണവും തടയുന്നതിനായി അതിർത്തി മേഖലകളിൽ പരിശോധന ശക്തമായി തുടരുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.