തിരുവല്ല : പാചക വാതക സിലിണ്ടറിന്റെ തകരാര്‍ പരിഹരിക്കാന്‍ എത്തിയപ്പോള്‍ യുവതിയായ വീട്ടമ്മയെ കടന്നുപിടിച്ച സംഭവത്തില്‍ 57 കാരനെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. വള്ളംകുളം കരപ്പറമ്പില്‍ വീട്ടില്‍ ഫിലിപ്പ് തോമസ് ( 57 ) ആണ് അറസ്റ്റില്‍ ആയത്.

മൂന്നാഴ്ച മുമ്പായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. പാചകവാതക സിലിണ്ടറില്‍ ചോര്‍ച്ച ഉണ്ടായതിനെ തുടര്‍ന്ന് അയല്‍വാസിയായ യുവതി പ്ലംബിംഗ് ജോലിക്കാരന്‍ കൂടിയായ ഫിലിപ്പ് തോമസിന്റെ സഹായം തേടി. സിലിണ്ടറിന്റെ ചോര്‍ച്ച പരിഹരിക്കുന്നതിനായി യുവതിയുടെ വീട്ടിലെ അടുക്കളയില്‍ എത്തിയ പ്രതി യുവതിയെ കടന്നു പിടിക്കുകയായിരുന്നു.

യുവതി ബഹളം വച്ചുതന്നെ തുടര്‍ന്ന് വീട്ടിലെ ഹാളില്‍ ഉണ്ടായിരുന്ന ഭര്‍ത്താവ് ഓടിയെത്തി. ഇത് കണ്ട് രക്ഷപെടാന്‍ ശ്രമിച്ച ഫിലിപ്പും യുവതിയുടെ ഭര്‍ത്താവും തമ്മില്‍ മല്‍പ്പിടുത്തം ഉണ്ടായി. ഇതിനിടെ കുതറി മാറിയ പ്രതി യുവതിയുടെ വീട്ടില്‍ നിന്നും രക്ഷപ്പെട്ട് ഓടി. സംഭവശേഷം ഒളിവില്‍ പോയ പ്രതിയെ തിരുവല്ല ഡിവൈഎസ്പി എസ് ആഷാദിന്റെ നിര്‍ദ്ദേശ പ്രകാരം സി ഐ ബി കെ സുനില്‍ കൃഷ്ണന്‍ അടങ്ങുന്ന പ്രത്യേക സംഘം വെള്ളിയാഴ്ച ഉച്ചയോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.