തിരുവനന്തപുരം: ദേശീയപാതയിൽ ആറ്റിങ്ങൽ ആലംകോടിനു സമീപം നിയന്ത്രണം വിട്ട ഗ്യാസ് പിക്കപ്പ് വാൻ കാറിലും ബൈക്കിലും ഇടിച്ച ശേഷം കടയിലേക്ക് ഇടിച്ചു കയറി. ഇന്ന് രാവിലെ പതിനൊന്നര മണി കഴിഞ്ഞ് പുളിമൂട് ഭാഗത്തായിരുന്നു അപകടമുണ്ടായത്. അപകടത്തിൽ ആർക്കും ഗുരുതരമായ പരിക്കില്ല. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഗതാഗത തടസ്സമുണ്ടായി.

കൊല്ലം ഭാഗത്ത് നിന്ന് വരികയായിരുന്നു ഗ്യാസ് പിക്കപ്പ് വാൻ. പുളിമൂട് ഭാഗത്ത്‌ വെച്ചായിരുന്നു വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത്. തുടർന്ന് എതിർ ദിശയിൽ വരികയായിരുന്ന വാഹനങ്ങളിൽ ഇടിച്ചു. കാറിലും മറ്റൊരു ബൈക്കിലുമാണ് പിക്കപ്പ് വാൻ ഇടിച്ചത്. ബാലരാമപുരം സ്വദേശി സഞ്ചരിച്ച ആൾട്ടോ കാറിലായിരുന്നു ആദ്യം ഇടിച്ചത്. തുടർന്ന് ബൈക്കിലിടച്ച ശേഷം വലതു വശത്തെ കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.