- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രോഗനിർണയത്തിൽ പിഴവ് സംഭവിച്ചു; ഉചിതമായ നിയമനടപടികൾ സ്വീകരിക്കണം; നാല് ആഴ്ച്ചക്കകം റിപ്പോർട്ട് നൽകണം; മെഡിക്കൽ വിദ്യാർത്ഥിനിയുടെ മരണത്തിൽ കണ്ടെത്തിയത് വൻ ചികിത്സാ പിഴവ്; അസിസ്റ്റന്റ് കമ്മീഷണർ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
കൊച്ചി: തലവേദനയും ശാരീരിക അസ്വസ്ഥതതകളുമായി സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മെഡിക്കൽ വിദ്യാർത്ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് രോഗനിർണയത്തിലും ചികിത്സയിലും പിഴവുണ്ടായിട്ടുണ്ടെന്ന് വിദഗ്ധ സമിതി കണ്ടെത്തിയ സാഹചര്യത്തിൽ അസിസ്റ്റന്റ് പോലീസ് കമ്മീഷണറുടെ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ നിയോഗിച്ച് കേസന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് നിർദ്ദേശം നൽകി.
മനുഷ്യാവകാശ കമ്മീഷന്റെ നിർദ്ദേശാനുസരണം ജില്ലാ മെഡിക്കൽ ഓഫീസർ സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് കൈമാറണമെന്ന് കമ്മീഷൻ എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദ്ദേശം നൽകി.
കൊച്ചി സിറ്റി പോലീസ് കമ്മീഷണർ അന്വേഷണറിപ്പോർട്ട് സൂക്ഷ്മമായി പരിശോധിക്കണം. 304 എ ഐ.പി.സി യോ സമാനമായ മറ്റു വകുപ്പുകളോ ഉൾപ്പെടുന്ന കുറ്റകൃത്യം കണ്ടെത്തിയാൽ അതിന്റെ അടിസ്ഥാനത്തിൽ ഉചിതമായ നിയമനടപടികൾ സ്വീകരിക്കണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് സിറ്റി പോലീസ് കമ്മീഷണർക്ക് നിർദ്ദേശം നൽകി.
ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികളെക്കുറിച്ച് 4 ആഴ്ച്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദ്ദേശം നൽകി. റിപ്പോർട്ട് ലഭിച്ചശേഷം എറണാകുളത്ത് നടക്കുന്ന സിറ്റിംഗിൽ കേസ് വീണ്ടും പരിഗണിക്കും.
പത്തനംതിട്ട ഊന്നുകൽ കാർത്തികയിൽ സുനുകുമാർ പുരുഷോത്തമന്റെ മകൾ കീർത്തി സുനുകുമാർ(22) ആണ് മരിച്ചത്. പോണ്ടിച്ചേരി മഹാത്മഗാന്ധി മെഡിക്കൽ കോളേജിലെ എം.ബി.ബി.എസ് അവസാനവർഷ വിദ്യാർത്ഥിനിയായിരുന്ന കീർത്തിയെ തലവേദനയെ തുടർന്നാണ് 2024 മേയ് 6 ന് എറണാകുളം ആസ്റ്റർ മെഡി സിറ്റിയിൽ പ്രവേശിപ്പിച്ചത്.
തുടർന്ന് മേയ് 9 ന് റിനൈ മെഡിസിറ്റിയിലേക്ക് മാറ്റി. മേയ് 10 നാണ് കീർത്തി മരിച്ചത്. യഥാർത്ഥ രോഗനിർണയം നടത്താതെ ചികിത്സ നടത്തിയതു കാരണമാണ് മകൾ മരിച്ചതെന്നും ചികിത്സാപിഴവുണ്ടായതായും അച്ഛൻ സുനുകുമാർ പുരുഷോത്തമൻ സമർപ്പിച്ച പരാതിയിൽ പറഞ്ഞു.കമ്മീഷൻ എറണാകുളം ഡി.എം.ഒ യിൽ നിന്നും അന്വേഷണ റിപ്പോർട്ട് വാങ്ങി.
ആരോഗ്യ വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ഡോ. കെ.ആർ.രാജൻ, ന്യൂറോളജിസ്റ്റ് ഡോ.സജിത്ത് ജോൺ (കളമശേരി മെഡിക്കൽ കോളേജ്) ഡോ.കെ.ജി ജയൻ (കൺസൾട്ടന്റ് ഫിസിഷ്യൻ, ജനറൽ ആശുപത്രി, എറണാകുളം) ഡോ.പി.ആർ.അജീഷ് (കൺസൾട്ടന്റ് സൈക്യാട്രി, ജനറൽ ആശുപത്രി, എറണാകുളം) ഡോ.കെ.ജി. സുരഭ (ഒഫ്ത്തോൾമോളജി, ജനറൽ ആശുപത്രി, എറണാകുളം) എന്നിവരടങ്ങിയ വിദഗ്ധ സമിതിയാണ് അന്വേഷണം നടത്തിയത്.
രോഗനിർണയം നടത്തുന്നതിനുമുള്ള മതിയായ പരിശോധനകൾ നടത്തിയിട്ടില്ലെന്നും ആസ്റ്ററിൽ നിന്നും റിനൈ മെഡിസിറ്റിയിലേക്ക് രോഗിയെ മാറ്റുമ്പോൾ ആശുപത്രി ജീവനക്കാരോടുകൂടിയ ഐ.സി.യു ആമ്പുലൻസ് ഉപയോഗിക്കണമായിരുന്നുവെന്നും വിദഗ്ധ പരിശോധനകൾ നടത്തിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. രോഗനിർണയത്തിലും ചികിത്സയിലും മതിയായ പരിചരണം ഉണ്ടായിട്ടില്ലെന്നും അന്വേഷണ സംഘം കണ്ടെത്തി.
സംഭവത്തിൽ പാലാരിവട്ടം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണ പുരോഗതിയുണ്ടായിട്ടില്ലെന്ന് പരാതിക്കാരൻ കമ്മീഷനെ അറിയിച്ചു. സെക്ഷൻ 174 സി.ആർ. പി. സി മാത്രമായി രജിസ്റ്റർ ചെയ്ത കേസിൽ ചികിത്സാ പിഴവുമായി ബന്ധപ്പെട്ട വകുപ്പ് ചേർക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു. ഇക്കാര്യം പരിശോധിക്കാൻ കമ്മീഷൻ സിറ്റി പോലീസ് കമ്മീഷണർക്ക് നിർദ്ദേശം നൽകി.