കൊച്ചി: എറണാകുളത്തപ്പൻ ഗ്രൗണ്ടിന് സമീപത്തെ മരത്തിൽ കൂറ്റൻ പെരുമ്പാമ്പിനെ കണ്ടതോടെ പരിഭ്രാന്തരായി നാട്ടുകാർ. റോഡിലൂടെ നടന്നുപോയവരാണ് മരത്തിന് മുകളിൽ പാമ്പിനെ ആദ്യം കണ്ടത്. മരത്തിന്റെ ഏറ്റവും മുകളിലായി അവശനിലയിൽ കാണപ്പെട്ട പാമ്പിനെ കാക്കകൾ കൊത്തുന്നുണ്ടായിരുന്നു. നഗരത്തിൽ ഇത്തരം പെരുമ്പാമ്പുകൾ സാധാരണയായി കാണാറില്ല.

കിഴക്കൻ മലകളിൽ നിന്നുള്ള വെള്ളപ്പൊക്കത്തിൽ ഒഴുകി വരികയോ കായൽ വഴി വേലിയേറ്റ സമയത്ത് കരയിലെത്തുകയോ ചെയ്യാറുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പാമ്പിനെ പിടികൂടാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഇത്രയും വലിയൊരു പാമ്പ് എങ്ങനെ നഗരത്തിലെത്തി എന്ന സംശയത്തിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ.

പാമ്പ് മരത്തിൽ നിന്നിറങ്ങുമോ എന്ന് നിരീക്ഷിച്ചു വരികയാണ്. ഒഴുക്കിൽപ്പെട്ട് ഇവിടെയെത്തിയതാകാമെന്ന് ഉദ്യോഗസ്ഥർ പ്രാഥമിക നിഗമനം. പാമ്പിനെ സുരക്ഷിതമായി പിടികൂടി വനമേഖലയിലേക്ക് മാറ്റാനാണ് അധികൃതരുടെ തീരുമാനം. സമീപത്തെ കടയുടമകളും വഴിയാത്രക്കാരും വനംവകുപ്പിനെ വിവരം അറിയിച്ചത്.