കോഴിക്കോട്: കൊയിലാണ്ടി കുറുവങ്ങാട് ക്ഷേത്രോത്സവത്തിനിടെ അനയിടഞ്ഞ് മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ കുടുംബത്തിനുള്ള നഷ്ടപരിഹാരം ക്ഷേത്രം ഭാരണസമിതി കൊടുക്കണമെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍. നാടിനെ ഞെട്ടിച്ച ദുരന്തമാണ് ഉണ്ടായതെന്നും നാട്ടാന പരിപാലന ചട്ടങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ചയുണ്ടെന്നുള്ള റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ആനയിടഞ്ഞ മണക്കുളങ്ങര ഭഗവതി ക്ഷേത്രം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെടിക്കെട്ട് ആനകളെ പരിഭ്രാന്തരാക്കി എന്നാണ് നിഗമനമെന്നും നിയമപരമായ എന്ത് വീഴ്ച ഉണ്ടായാലും അവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വെടിക്കെട്ടുമായി വേണ്ടത്ര ശ്രദ്ധ കാണിച്ചിട്ടുണ്ടോ എന്ന സംശയം ജില്ലാ ഭരണകൂടവും പ്രകടിപ്പിച്ചിട്ടുണ്ട്. മോണിറ്ററിംഗ് കമ്മിറ്റ്ക്ക് വീഴ്ച പറ്റിയിട്ടുണ്ടോ എന്നും പരിശോധിക്കും.

വെടിക്കെട്ടുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ ജില്ലാ മോണിറ്ററിങ് കമ്മിറ്റിയും പ്രത്യേകം പരിശോധന നടത്തേണ്ടതുണ്ട്. കാരണം, അവരാണ് എഴുന്നള്ളിപ്പിനുള്ള അന്തിമമായ അധികാരം നല്‍കേണ്ടത്. നിലവില്‍ കോടതി നിര്‍ദേശവും നിയമവും പാലിച്ച് മുന്നോട്ടുപോവാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളതെന്നും ശശീന്ദ്രന്‍ പറഞ്ഞു.

ക്ഷേത്ര ഭാരവാഹികള്‍ മനപ്പൂര്‍വ്വം ഉണ്ടാക്കിയ അപകടമല്ലെങ്കിലും നഷ്ടപരിഹാരം ക്ഷേത്രങ്ങള്‍തന്നെ നല്‍കുന്ന കീഴ്വഴക്കമാണ് ഇവിടെയുള്ളത്. അതനുസരിച്ച് പോകട്ടെ എന്നുതന്നെയാണ് ഇപ്പോഴത്തെ നിലപാട്. മറ്റെന്തെങ്കിലും ഉണ്ടെങ്കില്‍ തനിക്ക് ഒറ്റയ്ക്ക് പറയാനോ പ്രഖ്യാപിക്കാനോ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു.