തൃശൂർ: ബേക്കറി യൂണിറ്റിന്റെ മാലിന്യക്കുഴിയിലിറങ്ങിയ രണ്ടുപേർ ശ്വാസംമുട്ടി മരിച്ചു. ചാലക്കുടി മാള കാരൂരിൽ ഇന്ന് ഉച്ചയ്‌ക്ക് 2.15നായിരുന്നു സംഭവം. റോയൽ ബേക്കേഴ്‌സിന്റെ നിർമാണ യൂണിറ്റിനോട് ചേർന്ന മാലിന്യക്കുഴിയിലാണ് അപകടം ഉണ്ടായത്.

അപകടത്തിൽ ജിതേഷ് (45), സുനിൽകുമാർ (52) എന്നിവരാണ് മരിച്ചത്. മാലിന്യം കാരണമുണ്ടായ തടസ്സം നീക്കാൻ ഇറങ്ങിയതായിരുന്നു ഇരുവരും. ആദ്യം സുനിൽകുമാർ ആണ് മാലിന്യക്കുഴിയിലേക്ക് ഇറങ്ങിയത്. സുനിൽകുമാറിന് ശ്വാസം കിട്ടാതെ ബുദ്ധിമുട്ടനുഭവിച്ചതോടെ രക്ഷിക്കാൻ ജിതേഷും മാലിന്യക്കുഴിയിലേക്ക് ഇറങ്ങുകയായിരുന്നു. ടാങ്കിനുള്ളിൽ ഓക്സിജൻ കുറവായിരുന്നതിനാൽ ജിതേഷും അപകടത്തിൽപ്പെട്ടു. മാലിന്യകുഴിയിൽ നിന്നും തിരിച്ച് കയറാൻ പറ്റാതിരുന്ന ഇരുവരും ദാരുണമായി മരണപ്പെടുകയായിരുന്നു.

ചാലക്കുടിയിൽ നിന്ന് ഫയർഫോഴ്‌സ് എത്തിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. മാൻഹോൾ മാത്രമുള്ള ടാങ്കിനുള്ളിൽ ഓക്സിജൻ ഇല്ലാതിരുന്നതിനാൽ ശ്വാസംമുട്ടി മരണപ്പെടുകയായിരുന്നുവെന്ന് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.