കണ്ണൂർ: പി.പി.ദിവ്യയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യവുമായി ആം ആദ്മി പാർട്ടി രംഗത്ത്. കോളേജ് ഹോസ്റ്റലിൽ വെച്ചുണ്ടായ അതി ക്രൂരമായ പീഡനങ്ങൾക്കു ശേഷം ആത്മഹത്യ ചെയ്തു എന്നു കരുതുന്ന സിദ്ധാർത്ഥന്റെ കേസുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായ ഡോക്ടർ നാരായണൻ ഡോക്ടർ കാന്തനാഥൻ എന്നിവരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്നലെ ഇടതുപക്ഷ അനുകൂല സംഘടനയായ TOVUK(ടീച്ചേഴ്സ് ഓർഗനൈസേഷൻ ഓഫ് കേരള വെറ്റിനറി ആൻഡ് അനിമൽ യൂണിവേഴ്സിറ്റി) നടത്തുന്ന ശ്രമങ്ങൾ കാണുമ്പോൾ കണ്ണൂരിൽ മരിച്ച നവീൻ ബാബുവിന്റെ കൊലയാളികൾ ശിക്ഷിക്കപ്പെടില്ല എന്ന് തന്നെയാണ് മനസ്സിലാക്കുന്നതെന്ന് പാർട്ടി കുറ്റപ്പെടുത്തി.

വയനാട് വെറ്റിനറി കോളേജിൽ ഇടതുപക്ഷ ആശയത്തിൽ വിശ്വസിക്കുന്ന വിദ്യാർത്ഥികളും, ഉദ്യോഗസ്ഥ സംഘടനാ അംഗങ്ങളും, കണ്ണൂരിൽ സിപിഐഎമ്മിന്റെ ജില്ലാ പഞ്ചായത്തു പ്രസിഡന്റും കുറ്റക്കാരാണെന്ന് കരുതുന്ന രണ്ട് ആത്മഹത്യകളാണ് ഇപ്പോൾ വയനാട്ടിലും കണ്ണൂരും നടന്നതെന്നും അവർ വ്യക്തമാക്കി.

രണ്ട് സ്ഥലങ്ങളിലും പൊതുജന അഭിപ്രായം സർക്കാരിന് എതിരാകും എന്ന് കണ്ടപ്പോഴും, അടുത്തു നടക്കുന്ന ഉപ തെരഞ്ഞെടുപ്പും നവീന്റെ കുടുംബത്തിന്റെ ഇടതുപക്ഷ രാഷ്ട്രീയ പാരമ്പര്യവും കാരണമാണ് ഇത്രയെങ്കിലും നടപടികൾ ഉണ്ടായതെന്നാണ് കരുതുന്നത്. ഇരയോടൊപ്പം ഓടുകയും മറുവശത്ത് വേട്ടക്കാരനോടൊപ്പം വേട്ടയാടുകയും ചെയ്യുകയാണ് സിപിഐഎം ന്റെ ഇപ്പോഴത്തെ രീതി.

വയനാട്ടിലെ പോലെ തന്നെ അറസ്റ്റ് ഇവിടെയും വൈകുന്നു എന്നത് ഈ കേസിന്റെ ഗതിയും എന്താകുമെന്നുള്ളതിന്റെ സൂചനയാണ്. ഇന്നലെ വയനാട്ടിൽ സസ്പെൻഷനിലായവരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുൻ എംഎൽഎ തന്നെയാണ് മുന്നിട്ടിറങ്ങിയത്. ഇതുവരെ പി പി ദിവ്യയെ അറസ്റ്റ് ചെയ്യാതെ ഒളിച്ചുകളി നടത്തുകയാണ് കേരള പോലീസ്.

പ്രതികൾ സിപിഐ എം പ്രവർത്തകരും സഹയാത്രികരും ആയതിനാൽ ഉന്നത ബന്ധം ഉപയോഗിച്ച് കേസ് അട്ടിമറിക്കപ്പെടാൻ സാഹചര്യമുള്ളതിനാൽ ഇക്കാര്യത്തിൽ സുതാര്യവും നീതിയുക്തവും ആയ അന്വേഷണം ഉറപ്പുവരുത്തണമെന്നും ആം ആദ്മി പാർട്ടി ആവശ്യപ്പട്ടു.