റിയാദ് : കൊലപാതക കേസില്‍ അകപ്പെട്ട് സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനം വൈകും. കേസ് പരിഗണിക്കുന്നത് കോടതി വീണ്ടും മാറ്റിവച്ചു. ഇത് എട്ടാം തവണയാണ് കേസ് പരിഗണിക്കുന്നത് കോടതി മാറ്റിയത്. ഇനി എപ്പോഴാണ് കേസ് പരിഗണിക്കുകയെന്ന് വ്യക്തമല്ല.

നേരത്തെ ഏഴ് തവണ കേസ് പരിഗണിച്ചപ്പോഴും വിവിധ കാരണങ്ങളാല്‍ മോചനക്കാര്യത്തില്‍ തീരുമാനം നീളുകയായിരുന്നു. ഫെബ്രുവരി രണ്ടിനായിരുന്നു ഇതിനുമുമ്പ് കേസ് പരിഗണിച്ചത്. റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് സൂക്ഷ്മ പരിശോധന നടത്തേണ്ടതുണ്ടെന്നായിരുന്നു അന്ന് കോടതി അറിയിച്ചത്. അതിനുമുമ്പ് ജനുവരി 15ന് കോടതി ഹര്‍ജി പരിഗണിച്ചെങ്കിലും സൂക്ഷ്മ പരിശോധനക്കും കൂടുതല്‍ പഠനത്തിനും സമയം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി കേസ് മാറ്റി.

മരിക്കുന്നതിന് മുന്‍പ് മകനെ കാണണമെന്നതാണ് തന്റെ ഏക ആഗ്രഹമെന്ന് റഹീമിന്റെ മാതാവ് നേരത്തേ പറഞ്ഞിരുന്നു. സൗദി ബാലന്‍ അനസ് അല്‍ ശാഹിരി കൊല്ലപ്പെട്ട കേസില്‍ 2006 ഡിസംബറിലാണ് അബ്ദുല്‍ റഹീം ജയിലിലായത്. വധശിക്ഷ വിധിക്കപ്പെട്ട റഹീമിന് 34 കോടി രൂപ ദയാധനം കൈപ്പറ്റി കുടുംബം മാപ്പ് നല്‍കിയതോടെയാണ് മോചനത്തിന് വഴി തെളിഞ്ഞത്. 2006ല്‍ ഡ്രൈവറായി ജോലി ലഭിച്ച് റിയാദിലെത്തി ഒരു മാസം തികയും മുന്‍പാണ് കൊലപാതക കേസില്‍ അകപ്പെട്ട് റഹീം ജയിലാകുന്നത്.