പന്തളം: എം.സി റോഡില്‍ പന്തളം കുളനടയില്‍ ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് ബസ് ഡ്രൈവര്‍ മരിച്ചു. ടൂറിസ്റ്റ് ബസിന്റെ കാബിനില്‍ കുടുങ്ങിക്കിടന്ന ഡ്രൈവര്‍ തിരുവനന്തപുരം വട്ടപ്പാറ ചേതപ്പൂര്‍ മോഹന്‍ നിവാസില്‍ മിഥുന്‍ രാജാണ് (26) രക്തം വാര്‍ന്ന് മരിച്ചത്. അപകടത്തില്‍ 31 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. രണ്ട് മണിക്കൂറിലധികം ഗതാഗതം തടസ്സപ്പെട്ടു. കുളനട ഓര്‍ത്തഡോക്‌സ് പള്ളിക്ക് സമീപം ഞായറാഴ്ച രാവിലെ 6.45നാണ് അപകടം.

മാനന്തവാടിയില്‍നിന്ന് തിരുവനന്തപുരത്തിന് വന്ന എമറാള്‍ഡ് ട്രാവല്‍സ് ബസും തമിഴ്നാട്ടില്‍നിന്ന് സിമന്റുമായിവന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഇരുവാഹനങ്ങളുടെയും ഡ്രൈവര്‍മാര്‍ കാബിനില്‍ കുടുങ്ങുകയായിരുന്നു. ചെങ്ങന്നൂര്‍, അടൂര്‍ അഗ്‌നിരക്ഷാസേന യൂനിറ്റുകളും നാട്ടുകാരും രണ്ടുമണിക്കൂറോളം പരിശ്രമിച്ച് കാബിന്‍ പൊളിച്ചാണ് ഇരുവരെയും പുറത്തെടുത്തത്.

മിഥുന്‍രാജിനെ രക്ഷിക്കാനായില്ല. ഇരുവാഹനങ്ങളും നേര്‍ക്കുനേര്‍ ഇടിച്ചുകയറുകയായിരുന്നു. ലോറി ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു.