പീരുമേട്: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാൻ ലോറിയുമായി കൂട്ടിയിടിച്ച് ഏഴ് പേർക്ക് പരിക്ക്. കൊട്ടാരക്കര- ഡിണ്ടുക്കൽ ദേശീയപാതയിൽ മരുതുംമൂടിന് സമീപം ഇന്നലെ വൈകിട്ട് നാലിനായിരുന്നു സംഭവം നടന്നത്. മധുരയിൽ നിന്ന് ശബരിമല ദർശനത്തിനായി പോയ അയ്യപ്പന്മാരുടെ ഒമിനി വാൻ മരുതുംമൂടിന് സമീപം എതിരെ വന്ന ലോറിയുമായി ഇടിക്കുകയായിരുന്നു.

അപകടത്തിൽ പരിക്കേറ്റ ഏഴ് പേരിൽ ഒരാളുടേത് ഗുരുതരമായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ മുണ്ടക്കയം സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച സ്വകാര്യ ബസും കെ.എസ്.ആർ.ടി.സി ബസും ദേശീയപാതയിൽ ഇതിന് സമീപത്തായി ഇടിച്ച് 14 പേർക്ക് പരിക്കേറ്റിരുന്നു. പ്രദേശത്ത് കഴിഞ്ഞ രണ്ട് ദിവസങ്ങളായി മഴയും മൂടൽമഞ്ഞും ഉണ്ട്.