തിരുവനന്തപുരം: പട്ടത്ത് നിയന്ത്രണം വിട്ട പിക്കപ്പ് വാൻ തെരുവുവിളക്കിലിടിച്ച് ഡ്രൈവർക്ക് പരിക്ക്. പുലർച്ചെ 12:45ന് പട്ടം പൊലീസ് സ്റ്റേഷന് സമീപത്തായിരുന്നു സംഭവം. പൊട്ടക്കുഴി ഭാഗത്തേക്ക് വരികയായിരുന്ന 'ദോസ്ത്' പിക്കപ്പ് വാനാണ് അപകടത്തിൽപ്പെട്ടത്.

അപകടത്തെത്തുടർന്ന് വാഹനത്തിനുള്ളിൽ കുടുങ്ങിയ ഡ്രൈവർ സുധീഷിനെ (32) ഫയർഫോഴ്സ് സംഘമെത്തി ഹൈഡ്രോളിക് ഉപകരണത്തിന്റെ സഹായത്തോടെ സുരക്ഷിതനായി പുറത്തെടുത്തു. വാഹനത്തിന്റെ ഡോർ ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് മുറിച്ചുമാറ്റിയാണ് ഡ്രൈവറെ രക്ഷപ്പെടുത്തിയത്. കാലിന് പരിക്കേറ്റ സുധീഷിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഡ്രൈവർ ഉറങ്ങിയതാവാം അപകടകാരണമെന്ന് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഫയർഫോഴ്സിന്റെ സമയോചിതമായ ഇടപെടലാണ് ഡ്രൈവറുടെ ജീവൻ രക്ഷിച്ചത്. അപകടത്തെ തുടർന്ന് പട്ടം ഭാഗത്ത് ഗതാഗതത്തിന് തടസ്സമുണ്ടായി.