മലപ്പുറം: കക്കാടംപൊയിൽ പന്നിയാമലയിൽ ബൈക്ക് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് യുവാക്കൾക്കാണ് ദാരുണാന്ത്യം. വെള്ളിയാഴ്ച രാത്രി ഒൻപതു മണിയോടെയാണ് അപകടമുണ്ടായത്. അപകടത്തിൽ ഒതായിക്ക് സമീപം ചുളാട്ടിപ്പാറ സ്വദേശി സൂരജ് (20), ചുളാട്ടിപ്പാറ കരിക്കാട്ട് പൊയിൽ വീട്ടിൽ ഷാനിദ് (20) എന്നിവരാണ് മരിച്ചത്.

സുഹൃത്തുക്കളോടൊപ്പം കക്കാടംപൊയിലേക്ക് പോയി മടങ്ങിവരികയായിരുന്ന ഇരുവരും പന്നിയാമല ഭാഗത്ത് വെച്ച് സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. അപകടത്തെത്തുടർന്ന് പ്രദേശവാസികൾ ഇവരെ ഉടൻ തന്നെ അരീക്കോട്ടെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബൈക്കിന്റെ ബ്രേക്ക് തകരാറിലായതാണ് അപകട കാരണം എന്ന് പ്രാഥമിക നിഗമനം.

മരിച്ച ഷാനിദിന്റെ മാതാവ് ഫാത്തിമയും സഹോദരങ്ങൾ ഹക്കീം, മുനവിർ എന്നിവരുമാണ്. സൂരജിന്റെ മാതാവ് രമ്യയും സഹോദരി അർച്ചനയുമാണ്. മൃതദേഹങ്ങൾ അരീക്കോട്ടെ സ്വകാര്യാശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.