- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആ പൊന്നോമന കാറിടിച്ച് മരിച്ചത് ആർക്കും വിചാരിക്കാൻ പറ്റാത്ത രീതിയിൽ; കുഞ്ഞിന്റെ വേർപാടിൽ ഇനി മറ്റൊരാൾ ബുദ്ധിമുട്ടണ്ട; വണ്ടി ഓടിച്ച ആൾക്ക് മാപ്പ് നൽകി മലയാളി കുടുംബം

ഷാർജ: ഷാർജയിൽ കാറിടിച്ച് മരണപ്പെട്ട രണ്ടുവയസ്സുകാരൻ അലൻ റൂമിയുടെ മാതാപിതാക്കൾ, വാഹനം ഓടിച്ചയാൾക്ക് മാപ്പ് നൽകി. മലപ്പുറം സ്വദേശികളായ ഷറഫുദ്ദീനും ഭാര്യ സഫ്നയുമാണ് മലയാളിയായ ഡ്രൈവർക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകേണ്ടതില്ലെന്ന് രേഖാമൂലം അധികൃതരെ അറിയിച്ചത്. കനത്ത ദുരന്തമുണ്ടായിട്ടും, ഈ കുടുംബം സ്വീകരിച്ച മനുഷ്യത്വപരമായ നിലപാട് ഏറെ ശ്രദ്ധേയമായി.
അപകടം മനഃപൂർവമായി സംഭവിച്ചതല്ലെന്നും, തങ്ങളുടെ ഏക മകന്റെ വേർപാടിൽ മറ്റൊരാൾ കൂടി ബുദ്ധിമുട്ടനുഭവിക്കേണ്ടതില്ലെന്നും കരുതിയാണ് ഈ തീരുമാനമെടുത്തതെന്ന് ഷറഫുദ്ദീൻ പറഞ്ഞു. ഈ മാസം 12-നാണ് കുടുംബത്തെ ദുഃഖത്തിലാഴ്ത്തിയ അപകടം നടന്നത്. താമസസ്ഥലത്തിന് സമീപം, വേസ്റ്റ് ബാഗ് കളയാൻ ഉമ്മയോടൊപ്പം പുറത്തിറങ്ങിയ അലൻ റൂമിയെ, പാർക്കിങ് സ്ഥലത്തുനിന്ന് പുറകിലേക്ക് എടുത്ത കാറിടിക്കുകയായിരുന്നു.
എട്ടുവർഷത്തെ കാത്തിരിപ്പിനൊടുവിൽ ലഭിച്ച ഏകമകനായിരുന്നു അലൻ റൂമി. തലാൽ ഗ്രൂപ്പിന് കീഴിലുള്ള സ്ഥാപനത്തിൽ സെയിൽസ്മാനായി ജോലി ചെയ്യുന്ന പിതാവ് ഷറഫുദ്ദീനെ കാണാനായി, കഴിഞ്ഞ മാസം 18-ന് രണ്ടര മാസത്തെ സന്ദർശക വിസയിലാണ് മാതാവിനൊപ്പം അലൻ നാട്ടിൽ നിന്നും ഷാർജയിലെത്തിയത്. സന്തോഷകരമായ ദിനങ്ങൾക്കിടയിലാണ് അപ്രതീക്ഷിത ദുരന്തം ഈ കുടുംബത്തെ തേടിയെത്തിയത്. ഈ കനത്ത ദുരന്തത്തിലും, നഷ്ടപ്പെട്ട കുടുംബത്തിന്റെ മനുഷ്യത്വപരവും ഉദാരവുമായ ഈ തീരുമാനം സമൂഹത്തിന് വലിയൊരു സന്ദേശമാണ് നൽകുന്നത്.


