- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടയർ പൊട്ടിത്തെറിച്ചതോടെ ബസിന്റെ നിയന്ത്രണം മുഴുവൻ നഷ്ടപ്പെട്ടു; റോഡിലേക്ക് ഇടിച്ചുകയറി മറിഞ്ഞ് അപകടം; ഉംറ തീർഥാടകരായ രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം

റിയാദ്: സൗദി അറേബ്യയിൽ ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് രണ്ട് മലയാളികൾ മരിച്ചു. കൊല്ലം പത്തനാപുരം കലഞ്ഞൂർ സ്വദേശിനി ഷീബ (42), മലപ്പുറം മണ്ണത്തിപോയിൽ സ്വദേശിയും ഉംറ ഗ്രൂപ്പ് അമീറുമായ ഇസ്മാഈൽ നിസാമി (48) എന്നിവരാണ് മരിച്ചത്. റിയാദിൽ നിന്ന് ഏകദേശം 500 കിലോമീറ്റർ അകലെ ഹോത്ത ബനീ തമീം-മക്ക റോഡിൽ വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു അപകടം.
ഹോത്ത ബനീ തമീമിൽ നിന്ന് വ്യാഴാഴ്ച പുലർച്ചെ അഞ്ചു മണിയോടെയാണ് മലയാളി ഉംറ ഗ്രൂപ്പിന്റെ കീഴിലുള്ള സംഘം യാത്ര തിരിച്ചത്. യാത്രാമധ്യേ ബസിന്റെ ബ്രേക്കിന് തകരാർ കണ്ടതിനെ തുടർന്ന് വർക്ക്ഷോപ്പിൽ കയറ്റി അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു. ഇതിന് ശേഷം യാത്ര തുടരുന്നതിനിടെ മഹ്‌ലൂമിയ എന്ന സ്ഥലത്ത് വെച്ച് ബസിന്റെ പിന്നിലെ രണ്ട് ടയറുകൾ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.
നിയന്ത്രണം വിട്ട ബസ് റോഡിലെ ഡിവൈഡർ മറികടന്ന് എതിർദിശയിലുള്ള റോഡിലേക്ക് ഇടിച്ചുകയറി മറിഞ്ഞു. അപകടത്തിന്റെ ആഘാതത്തിൽ ബസിന്റെ മുകൾഭാഗം തകരുകയും, ആ വിടവിലൂടെ പുറത്തേക്ക് തെറിച്ചുപോയ ഷീബയും ഇസ്മാഈലും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെടുകയും ചെയ്തു.
അപകടസമയത്ത് യാത്രക്കാരിൽ ഭൂരിഭാഗം പേരും ഉറക്കത്തിലായിരുന്നു. ബസിന്റെ മുൻഭാഗം പൂർണ്ണമായും തകർന്ന നിലയിലായിരുന്നു. തകർന്ന വിടവുകളിലൂടെ പുറത്തെത്തിയ യാത്രക്കാരാണ് മറ്റുള്ളവരെ രക്ഷപ്പെടുത്തിയത്. പരിക്കേറ്റവരെ അഫീഫ് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. മരിച്ചവരുടെ മൃതദേഹങ്ങൾ നിലവിൽ ഇതേ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.


