വിഴിഞ്ഞം: കെ.എസ്.ആർ.ടി.സി. ബസ്സിടിച്ച് സ്കൂട്ടർ യാത്രികനായ യുവാവ് ദാരുണമായി മരിച്ചു. വിഴിഞ്ഞം കോട്ടപ്പുറം ചരുവിള കോളനിയിൽ അന്തോണി അടിമയുടെയും സേസമ്മയുടെയും മകൻ വർഗീസ് (30) ആണ് അപകടത്തിൽപ്പെട്ടത്. ബുധനാഴ്ച ഉച്ചയ്ക്ക് 1.19-ഓടെ മുക്കോല-വിഴിഞ്ഞം റൂട്ടിൽ വില്ലേജ് ഓഫീസിന് എതിർവശത്തുള്ള പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം.

ഇലക്ട്രീഷ്യനായും സൗണ്ട് സിസ്റ്റം ഓപ്പറേറ്ററായും ജോലി നോക്കുകയായിരുന്ന വർഗീസ്, മുക്കോല ഭാഗത്തുള്ള ഒരു സ്ഥാപനത്തിലെ ഇലക്ട്രിക്കൽ ജോലി കഴിഞ്ഞ് കോട്ടപ്പുറത്തുള്ള വീട്ടിലേക്ക് ഉച്ചഭക്ഷണം കഴിക്കാൻ മടങ്ങുകയായിരുന്നു. പൂവാർ ഡിപ്പോയിൽനിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി. ബസ് റോഡിന്റെ ഇടതുവശം ചേർന്നുപോവുകയായിരുന്ന വർഗീസിന്റെ സ്കൂട്ടറിന്റെ ഇടതുഭാഗത്ത് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ വർഗീസ് ബസിന്റെ അടിയിൽപ്പെടുകയും പിൻചക്രം തലയിൽ കയറി തൽക്ഷണം മരണം സംഭവിക്കുകയുമായിരുന്നു.

നാട്ടുകാർ ഉടൻതന്നെ വർഗീസിനെ വിഴിഞ്ഞത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. മൃതദേഹം തുടർനടപടികൾക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അവിവാഹിതനായ വർഗീസിന്റെ സഹോദരങ്ങൾ മൈക്കിൾ, സുനിൽ, മിൽട്ടസ് എന്നിവരാണ്. വിഴിഞ്ഞം പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.