കൊച്ചി: ജോലി സ്ഥലത്തേക്ക് സ്‌കൂട്ടറിൽ പോകുന്നതിനിടെ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ ഇറിഗേഷൻ വകുപ്പിലെ വനിതാ ഓവർസിയർക്ക് ദാരുണാന്ത്യം. തൃശൂർ പൊയ്യ പൂപ്പത്തി ഏലൂർ സ്വദേശിനിയായ കെ ജി ശ്രീദിവ്യ (45) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ദേശീയ പാതയിലെ കരയാംപറമ്പ് സിഗ്നൽ ജംഗ്ഷനിലാണ് അപകടം നടന്നത്.

അങ്കമാലിയിൽ നിന്ന് കറുകുറ്റി ഭാഗത്തേക്ക് സഞ്ചരിച്ചിരുന്ന സ്കൂട്ടറും അതേ ദിശയിൽ പോയ ലോറിയും തമ്മിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ മറിഞ്ഞ് ശ്രീദിവ്യ ലോറിയുടെ അടിയിലേക്ക് വീണു. തുടർന്ന് ലോറി കയറിയതോടെ ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. ഉടനെ തന്നെ പരിക്കേറ്റ ശ്രീദിവ്യയെ അപ്പോളോ അഡ്ലക്സ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.