തിരുവനന്തപുരം: നേമം വട്ടവിളയ്ക്ക് സമീപം റെയിൽവേ വികസന പ്രവർത്തനം നടക്കുന്ന സ്ഥലത്ത് ഓട്ടോറിക്ഷ 25 അടിയോളം താഴ്ചയുള്ള കുഴിയിലേക്ക് മറിഞ്ഞ് മൂന്ന് വയസ്സുകാരനടക്കം മൂന്നുപേർക്ക് പരിക്ക്. കഴിഞ്ഞ ദിവസം രാത്രി ഏഴുമണിയോടെയാണ് അപകടമുണ്ടായത്.

വട്ടവിള സ്വദേശികളായ രാജീവ് (42), ഭാര്യ രജിത (38), ഇവരുടെ മൂന്ന് വയസുള്ള കുഞ്ഞ് എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. പരിക്കേറ്റവരെ ഉടൻതന്നെ കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഓട്ടോറിക്ഷ പൂർണ്ണമായും തകർന്നു. തലകീഴായി മറിഞ്ഞ ഓട്ടോയിൽ നിന്ന് സമീപവാസികളാണ് പരിക്കേറ്റവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.

റെയിൽവേ നിർമാണത്തിനായി എടുത്ത കുഴിയിലാണ് ഓട്ടോറിക്ഷ നിയന്ത്രണം തെറ്റി പതിച്ചത്. നിർമാണം നടക്കുന്ന ഭാഗത്ത് റോഡിനോട് ചേർന്ന് ആവശ്യമായ ബാരിക്കേടുകളോ സൂചനാ ബോർഡുകളോ ഇല്ലാതിരുന്നതും വെളിച്ചക്കുറവുമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. നിർമാണ പ്രവർത്തനങ്ങളിലെ സുരക്ഷാ വീഴ്ചകൾ ഗുരുതരമായ അപകടങ്ങളിലേക്ക് വഴിവെക്കുന്നു എന്ന ആശങ്ക ഈ സംഭവം വീണ്ടും ഉയർത്തുന്നു.