തിരുവനന്തപുരം: കാഞ്ഞിരംകുളം ചാവടി ജങ്ഷന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് 17കാരന് ദാരുണാന്ത്യം. അതിയന്നൂർ മരുതംകോട് സ്വദേശി ആദർശ് ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരമുണ്ടായ അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കാഞ്ഞിരംകുളത്ത് നിന്ന് പുല്ലുവിളയിലേക്ക് മൂന്നുപേരുമായി വന്ന ബൈക്കും പുല്ലുവിളയിൽ നിന്ന് ചാവടിയിലേക്ക് മൂന്നുപേരുമായി പോകുകയായിരുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. വീഴ്ചയിൽ തലയ്ക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റ ആദർശിനെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. പ്ലസ്ടു പൂർത്തിയാക്കി തുടർപഠനത്തിന് തയ്യാറെടുക്കുകയായിരുന്നു ആദർശ്.

അപകടത്തിൽ പരിക്കേറ്റ മനു (അവണാകുഴി), മനു (ബാലരാമപുരം), വിശാഖ്, അപ്പു, അരുൺ (ചാവടി സ്വദേശികൾ) എന്നിവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാഞ്ഞിരംകുളം പോലീസ് കേസെടുത്തു.

ആദർശിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനു ശേഷം നെയ്യാറ്റിൻകര ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വിദേശത്തുള്ള അമ്മ നാട്ടിലെത്തിയ ശേഷം നാളെ രാവിലെ സംസ്കാരം നടത്തും. അച്ഛൻ: ജയൻ, അമ്മ: അജിതകുമാരി, സഹോദരൻ: ആകാശ്. അമിത വേഗത നിയന്ത്രിക്കാത്തതാണ് ഇത്തരം അപകടങ്ങൾക്ക് കാരണമാകുന്നതെന്ന് പോലീസ് അറിയിച്ചു.