മലപ്പുറം: തിരുവാലിയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ബസിനടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം. വട്ടപ്പറമ്പ് സ്വദേശി വിഷ്ണു ആണ് മരിച്ചത്. തിരുവാലിയിൽ നിന്ന് നടുവത്തേക്കുള്ള യാത്രാമധ്യേയാണ് അപകടം സംഭവിച്ചത്. റോഡിലൂടെ ഓടിച്ചുകൊണ്ടിരുന്ന ബൈക്ക് മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന ബൈക്കിൽ ഇടിച്ചാണ് നിയന്ത്രണം വിട്ടത്.

ഇതോടെ ബൈക്ക് യാത്രികനായ വിഷ്ണു സമീപത്തുകൂടി വന്ന ബസ്സിനടിയിലേക്ക് തെറിച്ചുവീഴുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ യുവാവ് മരണപ്പെട്ടു. അപകടത്തെത്തുടർന്ന് പ്രദേശത്ത് വലിയ തോതിലുള്ള ഗതാഗതക്കുരുക്കുണ്ടായി. മരണപ്പെട്ട വിഷ്ണുവിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.