കണ്ണൂർ: കുറുവയിൽ കാറും മിനി ലോറിയും കൂട്ടിയിടിച്ച് വയനാട് സ്വദേശിനിയായ അധ്യാപിക മരിച്ചു. കൽപറ്റ തെക്കുംതറ സ്വദേശിനി ശ്രീനിത ജിജിലേഷ് (32) ആണ് അപകടത്തിൽ മരണപ്പെട്ടത്. അപകടത്തിൽ ശ്രീനിതയുടെ ഭർത്താവിനും രണ്ട് മക്കൾക്കും പരിക്കേറ്റിട്ടുണ്ട്.

ഇന്നലെ വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. ശ്രീനിതയും കുടുംബവും സഞ്ചരിച്ച കാർ മിനി ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ശ്രീനിതയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാത്രി പതിനൊന്നരയോടെ മരണം സംഭവിക്കുകയായിരുന്നു.

ഭർത്താവ് ജിജിലേഷിനും കുട്ടികൾക്കും പരിക്കേറ്റിട്ടുണ്ടെങ്കിലും നിലവിൽ പരിക്ക് ഗുരുതരമല്ല. കൽപ്പറ്റ എൻ.എസ്.എസ്. സ്കൂളിലെ ഐടി അധ്യാപികയായിരുന്ന ശ്രീനിത, ഡിവൈഎഫ്ഐ വെങ്ങപ്പള്ളി ചോലപ്പുറം യൂണിറ്റ് പ്രസിഡന്റ് കൂടിയായിരുന്നു.