പാലക്കാട്: പാലക്കാട് ലക്കിടിയിൽ സ്കൂൾ ബസ്സിനടിയിൽപ്പെട്ട് ഇരുചക്രവാഹന യാത്രക്കാരന് ദാരുണാന്ത്യം. ബൈക്കിൽ യാത്ര ചെയ്തിരുന്ന മറ്റ് പേർക്ക് പരിക്കേറ്റു. പഴയ ലക്കിടി പള്ളിക്ക് സമീപത്ത് വെച്ച് ഇന്ന് വൈകിട്ട് 5 മണിയോടെയാണ് അപകടമുണ്ടായത്. ലക്കിടി ഭാഗത്തുനിന്നും പാലപ്പുറം ഭാഗത്തേക്ക് വരികയായിരുന്ന ഇരുചക്രവാഹനമാണ് അപകടത്തിൽപ്പെട്ടത്.

മൂന്നുപേർ സഞ്ചരിച്ചിരുന്ന ബൈക്കാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിനെ മറികടക്കുന്നതിനിടെ ബസ് ബൈക്കിൽ ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട് ബൈക്ക് സ്‌കൂൾ ബസിനടിയിൽപ്പെടുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന മണ്ണൂർ സ്വദേശിയായ അനിലാണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന സെബിൻ, ദിലീപ് എന്നിവർക്ക് പരിക്കേറ്റു. ഇവരുടെ പരിക്കുകൾ ഗുരുതരമല്ല.