കൊല്ലം: ഭരണിക്കാവ് സിനിമ പറമ്പിൽ പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികയായ യുവതിക്ക് ദാരുണാന്ത്യം. കൊട്ടാരക്കര കോട്ടത്തല സ്വദേശി സുലജ ശ്രീകുമാർ (39) ആണ് മരിച്ചത്. എതിരെ വന്ന ടോറസ് ലോറി സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ബന്ധുവിനെ ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ വിട്ട ശേഷം തിരികെ മടങ്ങവെയായിരുന്നു അപകടം.

ടോറസ് ലോറി സുലജ സഞ്ചരിച്ച സ്കൂട്ടറിൽ ഇടിച്ച ശേഷം അല്പ ദൂരം വലിച്ച് കൊണ്ടുപോയതായി ദൃക്സാക്ഷികൾ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ സുലജയെ ഉടൻതന്നെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ സ്കൂട്ടറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നിട്ടുണ്ട്. വിവരമറിഞ്ഞ് ശാസ്താംകോട്ട പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

അപകടത്തിൽപ്പെട്ട ടോറസ് ലോറി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സുലജയുടെ മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. അപകടസാധ്യത കൂടുതലായ ഈ പ്രദേശത്ത് തലനാരിഴക്കാണ് മുൻപ് പല അപകടങ്ങളും ഒഴിവായതെന്നും, ഇവിടെ അപായ സൂചന ബോർഡുകൾ സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.