തിരുവനന്തപുരം: കഴക്കൂട്ടത്ത് അമിത വേഗതയിലെത്തിയ ബൈക്ക് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കാട്ടായിക്കോണം തെക്കതിൽ ബി.എസ് ഭവനിൽ എൽ. പ്രീത (42) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം. റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

കഴക്കൂട്ടം-പോത്തൻകോട് റോഡിൽ കാട്ടായിക്കോണം നരിക്കൽ ജംഗ്ഷനിൽ വെച്ചാണ് അപകടമുണ്ടായത്. കാര്യവട്ടം യൂണിവേഴ്സിറ്റി കാമ്പസിലെ താൽക്കാലിക ജീവനക്കാരിയായ പ്രീത, ബസിറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിത വേഗതയിലെത്തിയ ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിനു ശേഷം നിർത്താതെ പോയ ബൈക്ക് കണ്ടെത്താനുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ് പോത്തൻകോട് പോലീസ്. അപകടസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു.