റാന്നി: പി.എം. റോഡിലുണ്ടായ വാഹനാപകടത്തിൽ അയ്യപ്പഭക്തനായ കർണാടക സ്വദേശി മരിച്ചു. മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. തമിഴ്നാട്ടിൽനിന്ന് വന്ന മിനിബസിലേക്ക് കർണാടക രജിസ്ട്രേഷനുള്ള എർട്ടിഗ കാർ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്.

നാലുപേർ സഞ്ചരിച്ച എർട്ടിഗ കാർ കൂട്ടിയിടിയിൽ പൂർണ്ണമായും തകർന്നു. അപകടത്തിൽപ്പെട്ട കാറിൽ യാത്ര ചെയ്തിരുന്നവരാണ് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തത്. മരിച്ചയാളെ പൊലീസും ഫയർഫോഴ്‌സും ചേർന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

പരിക്കേറ്റ മൂന്നുപേരിൽ ഒരാളുടെ നില ഗുരുതരമാണ്. മറ്റ് രണ്ടുപേർക്ക് നിസ്സാര പരിക്കുകളാണുള്ളത്. അപകടസ്ഥലത്തിന് സമീപമുണ്ടായിരുന്ന റാന്നി പഞ്ചായത്തിന്റെ പാലിയേറ്റവ് ആംബുലൻസ് ഡ്രൈവർ ബിനു, പരിക്കേറ്റവരെ ഉടൻതന്നെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ബിനുവിന്റെ സമയോചിതമായ ഇടപെടൽ പരിക്കേറ്റ ഒരാളുടെ ജീവൻ രക്ഷിക്കാൻ സഹായിച്ചതായി അധികൃതർ വ്യക്തമാക്കി.