ആലപ്പുഴ: കലവൂരിലെ ആധാരമെഴുത്തുകാരിയും വെണ്ടറുമായ എസ്. ലളിത (61) വാഹനാപകടത്തിൽ മരിച്ചു. ബുധനാഴ്ച ഉച്ചയോടെ മണ്ണഞ്ചേരി - അമ്പലമുക്ക് ജംഗ്ഷനിലുണ്ടായ അപകടത്തിലാണ് മാരാരിക്കുളം വടക്ക് പഞ്ചായത്ത് 11-ാം വാർഡ് എസ്.എൽ. പുരം ചിത്രശാലയിൽ താമസിക്കുന്ന ലളിതക്ക് ജീവൻ നഷ്ടമായത്.

മാരാരിക്കുളം സബ്ബ് രജിസ്ട്രാർ ഓഫീസിന് സമീപത്തെ ആധാരമെഴുത്തുകാരി കൂടിയായ ലളിത, പ്ലസ് ടു വിദ്യാർത്ഥിയായ മകന്റെ തണ്ണീർമുക്കത്തെ സ്കൂളിലേക്ക് പോകും വഴിയാണ് അപകടത്തിൽപ്പെട്ടത്. ലളിത സഞ്ചരിച്ച ഓട്ടോറിക്ഷയിലേക്ക് വടക്കുനിന്നെത്തിയ ഇരുചക്ര വാഹനം ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷയിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ ലളിതയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഉടൻതന്നെ കാവുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.