കൊച്ചി: ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിന് സമീപം ബൈക്ക് മെട്രോ തൂണിലിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കൂനമ്മാവ് കളത്തിൽപ്പറമ്പിൽ വീട്ടിൽ റോയിയുടെ മകൻ അൻസൽ റോയി (24) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു നാടിനെ നടുക്കിയ ഈ അപകടം.

അൻസൽ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് 462-ാം നമ്പർ മെട്രോ പില്ലറിൽ ആഞ്ഞടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അൻസലിനെ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചിരുന്നു.

ബെംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിൽ ഉദ്യോഗസ്ഥനായ അൻസൽ, ഏതാനും ദിവസങ്ങൾക്ക് മുൻപാണ് അവധിക്ക് നാട്ടിലെത്തിയത്. സന്തോഷത്തോടെ വീട്ടിലെത്തിയ യുവാവിന്റെ അപ്രതീക്ഷിത വിയോഗം കുടുംബത്തെയും സുഹൃത്തുക്കളെയും വലിയ ദുഃഖത്തിലാഴ്ത്തി.

എറണാകുളം ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. തുടർന്ന് ഇടപ്പള്ളി പെൻ റോഡിലെ തോപ്പിൽ മേരി ക്യൂൻ ചർച്ച് സെമിത്തേരിയിൽ സംസ്കാര ചടങ്ങുകൾ നടന്നു. ഫെലീഷ്യയാണ് അൻസലിന്റെ മാതാവ്. ഏക സഹോദരി: ആൻ.