ദിസ്പൂർ: പാലത്തിന് മുകളിൽ നിന്നും കാർ നദിയിലേക്ക് വീണ് അപകടം. നിർമാണത്തിലിരുന്ന പാലത്തിൽ വച്ചാണ് അപകടം നടന്നത്. സംഭവത്തിൽ നാല് പേർ മരിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. മരിച്ചവരിൽ ഒരാൾ അഞ്ച് വയസുള്ള കുട്ടിയെന്നാണ് വിവരങ്ങൾ. അസമിലെ തിൻസുകിയയിലാണ് അപകടം നടന്നത്.

ആറ് പേർ അടങ്ങുന്ന ഒരു കുടുംബത്തിലെ അംഗങ്ങൾ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി ബിഹാറിൽ നിന്നും അസമിലെ തിൻസുകിയയിലേക്ക് കാറിൽ പോവുകയായിരുന്നു. അങ്ങനെ പുലർച്ചെ നാല് മണിയോടെ തിൻസുകിയ-ദിബ്രുഗഡ് റൂട്ടിലെ ബൈപ്പാസിലാണ് ദാരുണ അപകടം നടന്നത്. ദുബ്രിഗഡിൽ നിന്ന് വരികയായിരുന്ന കാറിന് റോഡിൽ വെച്ച് നിയന്ത്രണം തെറ്റി നഷ്ടമാവുകയായിരുന്നു. നിർമാണത്തിലിരുന്ന പാലത്തിന് മുകളിൽ നിന്നും കാർ കുത്തനെ നദിയിലേക്ക് പതിക്കുകയായിരുന്നു.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ അസം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മരിച്ചവരിൽ ഒരാൾ അഞ്ച് വയസുള്ള കുട്ടിയും മറ്റുള്ളവരെല്ലാം 40നും 45നും ഇടയിൽ പ്രായമുള്ളവരുമാണ്.

സംഭവത്തിൽ പോലീസ് അന്വേഷണം നടക്കുന്നു. അപകടമുണ്ടായ ഉടൻ തന്നെ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. പുലർച്ചെയുള്ള മുടൽ മഞ്ഞ് കാരണം കാഴ്ച തടസ്സപ്പെട്ടതും റോഡിൽ ആവശ്യമായ മുന്നറിയിപ്പ് ബോർഡുകൾ ഇല്ലാത്തതും അപകടത്തിന് കാരണമായി എന്നാണ് പറയുന്നത്. ശേഷം പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.