ബത്തേരി: രാത്രി മുത്തച്ഛനൊപ്പം റോഡ് ക്രോസ് ചെയ്യുന്നതിനിടെ നടന്ന അപകടത്തിൽ മൂന്ന് വയസുകാരന് ദാരുണാന്ത്യം. റോഡ് മുറിച്ച് കടക്കവേ ബൈക്കിടിച്ച് വീഴ്ത്തിയാണ് അപകടം നടന്നത്. നായ്ക്കട്ടി നിരപ്പം മറുകര രഹീഷ് - അഞ്ജന ദമ്പതികളുടെ മകന്‍ ദ്രുപത് ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് അപകടം നടന്നത്.

ഇവിടെയുള്ള ഉത്സവത്തില്‍ പങ്കെടുക്കാനായി ദ്രുപതിന്റെ അമ്മവീട്ടില്‍ എത്തിയതായിരുന്നു. ബീനാച്ചിയിലെ കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി അഞ്ജനയുടെ പിതാവ് മോഹന്‍ദാസ് ദ്രുപതിനെയെടുത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ മീനങ്ങാടി ഭാഗത്ത് നിന്ന് വന്ന ബൈക്ക് ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ ഇരുവരും തെറിച്ചു വീണു. വീഴ്ച്ചയില്‍ തലയിടിച്ച കുഞ്ഞിനെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മോഹന്‍ദാസിന് നിസാരമായി പരിക്കേറ്റു.