എറണാകുളം: കടവന്ത്രയിൽ കെഎസ്ആർടിസി ബസ് കാലിലൂടെ കയറി ഇറങ്ങി യുവതിക്ക് പരിക്ക്. കടവന്ത്ര ലോട്ടസ് കെയർ ആശുപത്രിക്ക് സമീപമാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. വൈക്കം സ്വദേശിയായ ജീബ സന്തോഷ് എന്നയാളാണ് അപകടത്തിൽപ്പെട്ടത്. അപകട ശേഷം കെഎസ്ആർടി ബസ് നിർത്താതെ പോയെന്നാണ് കണ്ട് നിന്നവർ പറയുന്നത്. കാലിൽ ഗുരുതരമായി പരിക്കേറ്റ യുവതി ചികിത്സയിലാണ്.

ബസിൽ നിന്നിറങ്ങി റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സിഗ്നൽ മാറിയതോടെ മുന്നോട്ടെടുത്ത ബസ് റോഡ് മുറിച്ച് കടക്കുകയായിരുന്നു യുവതിയുടെ കാലിൽ കയറി ഇറങ്ങുകയായിരുന്നു. കെഎസ്ആർടി ബസ് നിർത്താതെ പോയെങ്കിലും പിന്നാലെ വന്ന കാറിൽ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടവന്ത്രയിലുള്ള ഇന്ദിര ഗാന്ധി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് യുവതി ചികിത്സയിലുള്ളത്.