കണ്ണൂർ: പരിയാരത്ത് ദേശീയപാതയിൽ സ്കൂട്ടറിൽ ഇടിച്ച് നിയന്ത്രണം വിട്ട സ്വകാര്യ ബസ് ഡിവൈഡറിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം. കണ്ണൂരിൽ നിന്ന് പയ്യന്നൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്, ശ്രീധരൻ എന്നയാളുടെ സ്കൂട്ടറിൽ ഇടിച്ച ശേഷം നിയന്ത്രണം നഷ്ടപ്പെട്ട് റോഡിന്റെ മധ്യത്തിലുള്ള ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

അപകടത്തിൽ സ്കൂട്ടർ പൂർണമായും തകർന്നു. സ്കൂട്ടർ യാത്രക്കാരനായ ശ്രീധരൻ, ബസ് കണ്ടക്ടർ ജയേഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ ഗതാഗത തടസ്സമുണ്ടായി.