കൂത്തുപറമ്പ്: ഗവ. താലൂക്ക് ആശുപത്രിക്ക് സമീപം വനം വകുപ്പിന്റെ വാഹനം കാറിലിടിച്ച് അപകടം. കാർ യാത്രക്കാരിയായ കതിരൂർ സ്വദേശി നിബക്ക് (29) പരിക്കേറ്റു. അപകടമുണ്ടാക്കിയ ശേഷം നിർത്താതെ പോയ വനം വകുപ്പ് വാഹനത്തിന്റെ താൽക്കാലിക ഡ്രൈവർ പി. രഘുനാഥനെ (54) നാട്ടുകാർ പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഇയാൾ മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്നെന്ന് പൊലീസ് അറിയിച്ചു.

ഇന്നലെ രാവിലെ 9.45ഓടെ തലശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന കാറിന്റെ പിന്നിൽ വനം വകുപ്പിന്റെ വാഹനം ഇടിക്കുകയായിരുന്നു. പരിക്കേറ്റ നിബയെ കൂത്തുപറമ്പ് ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടശേഷം നിർത്താതെ മുന്നോട്ട് പോയ വനം വകുപ്പ് വാഹനത്തെ നാട്ടുകാർ പിന്തുടർന്ന് പാറാലിൽ വെച്ചാണ് പിടികൂടിയത്.

ഇരിട്ടി സ്വദേശിയായ പി. രഘുനാഥൻ ആറളം ഫോറസ്റ്റ് ഓഫിസിലെ താൽക്കാലിക ഡ്രൈവറാണ്. കൂത്തുപറമ്പ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയും വൈദ്യപരിശോധനയ്ക്ക് ഹാജരാക്കുകയും ചെയ്തു. മദ്യപാനം സ്ഥിരീകരിച്ചതിനെ തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. അപകടസമയത്ത് വനം വകുപ്പ് വാഹനത്തിൽ ഡ്രൈവർ മാത്രമാണുണ്ടായിരുന്നത്.