കൊല്ലം: പരവൂർ പാരിപ്പള്ളി റോഡിൽ പൂതക്കുളം പഞ്ചായത്ത് ഓഫീസിനു സമീപം നടന്ന വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. പരവൂർ സ്വദേശിയായ ഹേമന്ത് ആണ് മരിച്ചത്. പാരിപ്പള്ളി യുകെഎഫ് എഞ്ചിനിയറിങ് കോളേജിലെ വിദ്യാർത്ഥിയാണ് ഹേമന്ത്. ഇന്നലെ രാത്രി ഹേമന്തും സുഹൃത്തുക്കളും സഞ്ചരിച്ച കാർ വൈദ്യുതി തൂണിലും മരത്തിലും മതിലിലും വന്ന് ഇടിക്കുകയായിരുന്നു.

വാഹനത്തിൻ്റെ മുൻഭാഗം പൂർണമായും തകർന്നിട്ടുണ്ട്. നാട്ടുകാർ ചേർന്ന് കാറിലുണ്ടായിരുന്നവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഹേമന്തിന്റെ ജീവൻ രക്ഷപ്പെടുത്താൻ സാധിച്ചില്ല. മൂന്ന് പേർ ഗുരുതര പരിക്കുകളോടെ ചികിത്സയിൽ കഴിയുകയാണ്. സ്ഥലത്ത് പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.