തിരുവനന്തപുരം: പോത്തൻകോട് ചാത്തമ്പാടുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഭാര്യക്ക് ഗുരുതരമായി പരിക്കേറ്റു. കഴക്കൂട്ടം ചിറ്റാറ്റുമുക്ക് സ്വദേശി റഹീം (45) ആണ് മരിച്ചത്. ഭാര്യ നസീഹയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സ്വന്തം വീട്ടിലേക്ക് ബൈക്കിൽ കുടുംബത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്ന റഹീമും ഭാര്യ നസീഹയും സഞ്ചരിച്ചിരുന്ന ബൈക്കിനെ ടിപ്പർ ലോറി ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്ന് പോലീസ് പറഞ്ഞു. ഇരു വാഹനങ്ങളും പോത്തൻകോട്ടുനിന്നു വെമ്പായം ഭാഗത്തേക്കാണ് സഞ്ചരിച്ചിരുന്നത്. ടിപ്പർ ബൈക്കിൽ തട്ടിയതിനെത്തുടർന്ന് ഇരുവരും റോഡിലേക്ക് വീഴുകയായിരുന്നു.

ടിപ്പർ ലോറിയുടെ പിൻചക്രം റഹീമിൻ്റെ ശരീരത്തിൽ കയറിയിറങ്ങിയാണ് ദാരുണമായ മരണത്തിനിടയാക്കിയത്. സംഭവസ്ഥലത്ത് വെച്ച് തന്നെ റഹീം മരിച്ചു. ഗുരുതരമായി പരിക്കേറ്റ നസീഹയെ ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. പോത്തൻകോട് പോലീസ് സ്ഥലത്തെത്തി. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ടിപ്പർ ലോറിയും അപകടത്തിൽപ്പെട്ട ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.