ശ്രീകാര്യം: നിയന്ത്രണം തെറ്റിയ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ട് മൂന്നുപേർക്ക് പരിക്കേറ്റു. അപകടത്തെ തുടർന്ന് അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. മണമ്പൂർ സ്വദേശി ഷിജി(41), ചിറയിൻകീഴ് സ്വദേശിനി രമ്യ(33), അഞ്ചുതെങ്ങ് സ്വദേശിനി ഗ്രീഷ്മ(30) എന്നിവർക്കാണ് പരിക്ക് പറ്റിയത്.

പരിക്കേറ്റവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സതേടി. ബുധനാഴ്ച വൈകീട്ട് 6.40-നാണ് അപകടം നടന്നത്. കിഴക്കേക്കോട്ടയിൽനിന്ന് ചാക്ക, ലുലുമാൾ വഴി ആറ്റിങ്ങലിലേക്കുപോയ കെഎസ്ആർടിസി ലോ ഫ്ലോർ ബസാണ് അപകടത്തിൽപ്പെട്ടത്. ബസിനു മുന്നിലൂടെ പോയ ബൈക്ക് പെട്ടെന്ന് ഒരുവശത്തേക്കു മാറിയപ്പോൾ അതിൽ ഇടിക്കാതിരിക്കാൻ ബസ് പെട്ടെന്ന് വെട്ടിത്തിരിച്ചതിനെ തുടർന്നാണ് അപകടം നടന്നത്.