പോത്തൻകോട്: നിയന്ത്രണം തെറ്റിയ ലോറി ടാറിങ് മെഷീനിൽ ഇടിച്ച് മറിഞ്ഞ് അപകടം. നിർമാണം നടക്കുന്ന പോത്തൻകോട് -മംഗലപുരം റോഡിലാണ് അപകടം നടന്നത്. റോഡ് വശത്ത് പാർക്ക് ചെയ്തിരുന്ന ടാറിങ് മെഷീനിൽ ഇടിച്ച് ലോറി മറിയുകയായിരിന്നു. കരൂർ വാവറയിൽ വെള്ളിയാഴ്ച പുലർച്ചെ അഞ്ചരയോടെയായിരുന്നു അപകടം സംഭവിച്ചത്.

റോഡിന് സമീപം നിർത്തിയിട്ടിരുന്ന ടാറിങ് മെഷീനിൽ ഇടിച്ച് ലോറിയുടെ നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. അസം സ്വദേശികളായ ചന്ദൻനാഥ്(28), രൂപൻ(27), പാലോട് സ്വദേശി അനസ് (33) എന്നിവർക്കാണ് പരിക്ക് പറ്റിയത്. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്നും വിവരങ്ങൾ ഉണ്ട്. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് വിവരങ്ങൾ. ലോറി റോഡിന് കുറുകെ മറിഞ്ഞതിനാൽ പോത്തൻകോട്-മംഗലപുരം റോഡിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. പോത്തൻകോട് പോലീസും നാട്ടുകാരും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. അതേസമയം, അപകട സാധ്യത മുന്നറിയിപ്പ് ബോർഡുകൾ ഇല്ലാതെയാണ് ടാറിങ് മെഷീനുകൾ റോഡിന് സമീപം നിർത്തിയിട്ടിരുന്നതെന്നും നാട്ടുകാരും ആരോപിക്കുന്നു.