തൃശൂർ: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് റോഡിൽ ചോരയൊലിച്ച് കിടന്ന യുവാവിന് അപ്രതീക്ഷിത രക്ഷകനായി തദ്ദേശ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി. ശനിയാഴ്ച വൈകീട്ട് 3.45ഓടെയാണ് സംഭവം. നഗരസഭാ അഞ്ചാം വാർഡിലെ എൽ.ഡി.എഫ്. സ്ഥാനാർത്ഥി നിധിൻ പുല്ലനാണ് അപകടത്തിൽപ്പെട്ട മാർട്ടിനെ (43) ആശുപത്രിയിലെത്തിച്ചത്.

പോട്ട സുന്ദരിക്കവലക്ക് സമീപം ആലുവ ഭാഗത്തേക്ക് പോകുകയായിരുന്ന കാറിന് പിന്നിൽ യുവാവ് സഞ്ചരിച്ച സ്കൂട്ടർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ മാർട്ടിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഏറെനേരം കഴിഞ്ഞിട്ടും ആരും സഹായിക്കാനില്ലാതെ റോഡിൽ രക്തത്തിൽ കുളിച്ചു കിടക്കുമ്പോഴാണ് നിധിനും സുഹൃത്തും അതുവഴി വന്നത്.

ഉടൻതന്നെ വാഹനം നിർത്തി ഇരുവരും റോഡിൽ കിടന്ന മാർട്ടിനെ കൈയിലെടുത്ത്, അതുവഴി വന്ന ആംബുലൻസ് തടഞ്ഞുനിർത്തി ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. യുവാവിന്റെ പരിക്ക് ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്.