ഇടുക്കി: കെഎസ്ആര്‍ടിസി ബസ് സ്‌കൂട്ടറിലിടിച്ച് തപാല്‍ ജീവനക്കാരന് ഗുരുതര പരിക്ക്. സ്‌കൂട്ടര്‍ യാത്രക്കാരനായ കാഞ്ചിയാര്‍ തപാല്‍ ഓഫീസിലെ അസി. പോസ്റ്റുമാൻ ( ഇഡിഎംസി) മധുസൂദനന്‍ നായര്‍ക്കാണ് പരിക്കേറ്റത്. മലയോര ഹൈവേയിൽ കട്ടപ്പന കുട്ടിക്കാനം റൂട്ടിൽ തൊപ്പിപ്പാള ജംങ്ഷനിലാണ് അപകടം. കൊട്ടാരക്കര- കട്ടപ്പന റൂട്ടിലോടുന്ന കെഎസ്ആര്‍ടിസി ബസ് എതിര്‍ദിശയിലേക്ക് പാഞ്ഞെത്തി സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു.

ബസ് ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും കാലിന് ഒടിവും സംഭവിച്ച മധുസൂദനന്‍ നായര്‍ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിൽ കഴിയുകയാണ്. സ്ഥലത്ത് പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.