കണ്ണൂർ: കണ്ണൂർ-വയനാട് പാതയിലെ പേരിയ-നെടുംപൊയിൽ ചുരത്തിൽ കാറിലിടിച്ച് നിയന്ത്രണം വിട്ട ട്രാവലർ താഴ്ചയിലേക്ക് മറിഞ്ഞ് 12 പേർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയോടെയാണ് സംഭവം. പരിക്കേറ്റവരെ നാട്ടുകാരും മറ്റ് യാത്രികരും ചേർന്ന് രക്ഷപ്പെടുത്തി പേരാവൂർ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.

കൊട്ടിയൂർ-പാൽചുരം റോഡിലെ ഗതാഗത നിയന്ത്രണം കാരണം നെടുംപൊയിൽ ചുരത്തിൽ തിരക്ക് വർദ്ധിച്ചിരുന്നു. കഴിഞ്ഞ ദിവസം കൊക്കയിലേക്ക് മറിഞ്ഞ ലോറി പുറത്തെടുക്കുന്നതിൻ്റെ ഭാഗമായി പാൽചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതിനാലാണ് യാത്രികർ ഈ വഴിയേ പോകാൻ നിർബന്ധിതരായത്.

ചുരം റോഡിലെ 28-ാം മൈൽ സെമിനാരി വില്ലയ്ക്ക് സമീപത്തുവെച്ചാണ് അപകടമുണ്ടായത്. വയനാട്ടിലേക്ക് പോകുകയായിരുന്ന കാറും എതിരെ വന്ന ട്രാവലറും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ട്രാവലർ റോഡരികിലെ താഴ്ചയിലേക്ക് മറിയുകയായിരുന്നു.