കണ്ണൂർ: കണ്ണൂർ പയ്യാവൂർ മുത്താറിക്കുളത്ത് കോൺക്രീറ്റ് മിക്സർ കയറ്റിവന്ന ലോറി മറിഞ്ഞ് വൻ അപകടം. അപകടത്തിൽ രണ്ട് തൊഴിലാളികൾ മരിക്കുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്ന് വൈകിട്ടോടെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്.

ഡ്രൈവർ ഉൾപ്പെടെ 14 പേരാണ് അപകടസമയത്ത് ലോറിയിൽ ഉണ്ടായിരുന്നത്. തലകീഴായി മറിഞ്ഞ ലോറി പൂർണമായും തകർന്നു. പരിക്കേറ്റവരെ ഉടൻതന്നെ കണ്ണൂരിലെ വിവിധ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

കോൺക്രീറ്റ് ജോലികൾ പൂർത്തിയാക്കി മടങ്ങുകയായിരുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. വലിയൊരു ഇറക്കം ഇറങ്ങിയ ശേഷം നിരപ്പായ സ്ഥലത്തെത്തിയപ്പോൾ ലോറി കലുങ്കിൽ തട്ടി നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ലോറിയുടെ പിന്നിൽ കെട്ടിയിരുന്ന കോൺക്രീറ്റ് മിക്സറും ലോറിയോടൊപ്പം മറിഞ്ഞു. അപകടത്തിൽ ലോറിക്കും കോൺക്രീറ്റ് മിക്സറിനും അടിയിൽ കുടുങ്ങിയ നാലുപേരിൽ രണ്ടുപേരാണ് ഗുരുതരമായി പരിക്കേറ്റ് മരണപ്പെട്ടത്. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവറൊഴികെ മറ്റെല്ലാ തൊഴിലാളികളും ഇതര സംസ്ഥാനക്കാരായിരുന്നു.