കോഴഞ്ചേരി: മൽസ്യ വ്യാപാരി കാറിടിച്ചു മരിച്ചു.നാരങ്ങാനം ചെല്ലാട്ടുമലയിൽ സി. ബിനോയ് (45) ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ തിരുവല്ല-കുമ്പഴ സംസ്ഥാന പാതയിൽ മാരാമണിൽ ആയിരുന്നു അപകടം.

കച്ചവടത്തിനായുള്ള മൽസ്യം എടുക്കാൻ വീട്ടിൽ നിന്ന് ബൈക്കിൽ പായിപ്പാട്ടേക്ക് പോകും വഴിയാണ് അപകടം. ഇടിച്ച വാഹനം നിർത്താതെ ഓടിച്ചു പോയി. ഗുരുതരമായി പരുക്കേറ്റ് റോഡിൽ കിടന്ന ബിനോയിയെ കോയിപ്പുറം പൊലീസ് അറിയിച്ചതനുസരിച്ചു 108 ആംബുലൻസ് എത്തി കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ എത്തിച്ചു. നില വഷളായതിനാൽ ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

അവിടെയെത്തി അരമണിക്കൂറിന് ശേഷം മരണം സംഭവിച്ചു. ചെറുകോലിലെ വർക്ക് ഷോപ്പിൽ നിന്നും അപകടം ഉണ്ടാക്കിയ വയലത്തല സ്വദേശിയുടെ കാർ പൊലീസ് ഉച്ചയോടെ കണ്ടെത്തി .തിരുവല്ല പത്തനംതിട്ട റോഡിൽ നിരന്തരമായി അപകടവും മരണവും സംഭവിച്ചിട്ടും ഇതിന്റെ കാരണം കണ്ടെത്താൻ പൊതുമരാമത്ത് വകുപ്പിന് കഴിഞ്ഞിട്ടില്ല. ഇതിന്റെ അവസാനത്തെ ഉദാഹരണമാണ് ബിനോയിയുടെ മരണം.